നിലമറക്കരുത്’; ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ കെപിസിസി നേതൃയോഗത്തില്‍ സുധാകരന് വിമര്‍ശനം
കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിനെതിരെ കെപിസിസി നേതൃയോഗത്തില്‍ വിമര്‍ശനം. എം എം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇരിക്കുന്ന സ്ഥാനത്തെപ്പറ്റി ഓരോരുത്തര്‍ക്കും ബോധ്യം വേണം. നിലമറന്ന് പ്രവര്‍ത്തിക്കുന്നത് ദോഷം ചെയ്യുമെന്ന് ഓര്‍മിക്കണമെന്നുമായിരുന്നു വിമര്‍ശനം.
കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളും പ്രസ്താവനയോട് വിയോജിപ്പ് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവന ചര്‍ച്ചയായത്. സിപിഐഎം നേതാക്കളുടെ ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രസ്താവനയുടെ കൂടി പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച.
പൊതുവായ വിഷയങ്ങളില്‍ യോജിച്ച നിലപാട് സ്വീകരിക്കണമെന്നാണ് ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശം. നേതാക്കള്‍ ഒരേ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ പറയുന്നത് തിരിച്ചടിയായിട്ടുണ്ട്. രാഷ്ട്രീയകാര്യ സമിതി യോഗങ്ങള്‍ ഇടയ്ക്കിടെ ചേരണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നുവന്നു. നിര്‍ണായക വിഷയങ്ങളില്‍ യോജിച്ച തീരുമാനം കൈക്കോള്ളുന്നതിന് അത് ഉപകരിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.