തിരഞ്ഞെടുപ്പ് കോഴക്കേസ്; കള്ളക്കഥ സൃഷ്ടിക്കാനാകില്ല, ഏത് അന്വേഷണവും നേരിടും: സുരേന്ദ്രന്‍
സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് സർക്കാരും കേരളപൊലീസും ചേർന്ന് സൃഷ്ടിച്ച കള്ളക്കേസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സത്യത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ ഏത് അന്വേഷണങ്ങളോടും സഹകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ നിലപാട് തുടരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
‘ഒരടിസ്ഥാനമില്ലാത്ത കേസാണിത്. കൈക്കൂലി കൊടുത്തു എന്ന് പറയുന്ന ആളുടെയും കൈക്കൂലി വാങ്ങിയെന്ന് പറയുന്ന ആളുടെയും വാദം കേള്‍ക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. പകരം ഇതെല്ലാം കേട്ടു എന്ന് അവകാശപ്പെടുന്ന ഒരാളുടെ വാദം മാത്രമാണ് പൊലീസ് കേള്‍ക്കുന്നത്. പക്ഷേ എന്ത് തലകുത്തി മറിഞ്ഞാലും കള്ളക്കഥ സൃഷ്ടിക്കാനാകില്ല. കോഴക്കേസില്‍ ബിജെപിക്കെതിരെയോ എനിക്കെതിരെയോ
ഒരു ആരോപണവും നിലനില്‍ക്കില്ല എന്നുള്ള പൂര്‍ണ്ണ വിശ്വാസമുണ്ട്. ഇപ്പോള്‍ ശബ്ദം പരിശോധിക്കാന്‍ പറഞ്ഞു. നാളെ രക്തം പരിശോധിക്കാന്‍ പറഞ്ഞാലും സഹകരിക്കും. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. അസുഖം, ചികിത്സ എന്നുപറഞ്ഞ് ഞാനെവിടേക്കും പോകുന്നില്ല. നിങ്ങളുടെ മുന്നില്‍ തന്നെയുണ്ട്’- സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല സിപിഎമ്മിന് വേണ്ടി ഉണ്ടാക്കിയതാണെന്നുെം അദ്ദേഹം ആരോപിച്ചു. ശബരിമല യഥാര്‍ത്ഥ ആളുകളുടെ കൈയ്യില്ലെന്നും യഥാര്‍ത്ഥ ഉടമകള്‍ വേറെയാണെന്നുമെല്ലാം പിണറായി വിജയന്‍ തന്നെയാണ് നവോത്ഥാന കാലത്ത് പതിനാല് ജില്ലകളിലെയും സമ്മേളനത്തില്‍ പറഞ്ഞത്. ഈ ചെമ്പോല ഉപയോഗിച്ചാണ് ശബരിമലയെ ആ കാലത്ത് തകര്‍ക്കാന്‍ ശ്രമിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.