Sunday, January 5, 2025
Kerala

കൊവിഡ് കാലത്തെ കേരളത്തിലെ പൊതുവിദ്യാഭ്യാസം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊവിഡ് കാലത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യത്തിനാകെ മാതൃകയാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊവിഡ് മഹാമാരിക്കാലത്തും സംസ്ഥാനത്ത് 41 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ ഒരു തടസവുമില്ലാതെ തങ്ങളുടെ അധ്യായനം തുടരാനായത്. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 2016 ല്‍ പ്രഖ്യാപിച്ച 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്കാക്കുന്ന പ്രക്രിയ പൂര്‍ത്തിയായതായും സര്‍ക്കാര്‍ അറിയിച്ചു. 4,752 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ 45,000 ക്ലാസ്മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്. കൂടാതെ2019ല്‍ തുടങ്ങിയ 1 മുതല്‍ 7 വരെ ക്ലാസുകളിലേക്കുള്ള ഹൈടെക് സ്‌കുളില്‍ ഹൈടെക് ലാബ് പദ്ധതിയും പൂര്‍ത്തിയായി. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ 41.01 ലക്ഷം കുട്ടികള്‍ക്കായി 3,74,274 ഉപകരണങ്ങള്‍ വിന്യസിച്ചു. 12,678 സ്‌കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. ഉപകരണങ്ങള്‍ക്ക് 5 വര്‍ഷ വാറണ്ടിയും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. പരാതി പരിഹാരത്തിന് വെബ്‌പോര്‍ട്ടലും കോള്‍സെന്ററും ഏര്‍പ്പെടുത്തി. 1,19,055 ലാപ്‌ടോപ്പുകള്‍, 6 9,944 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, 1,00,473 യു എസ് ബി സ്പീക്കറുകള്‍ 43,250 മൗണ്ടിംഗ് കിറ്റുകള്‍, 23,098 സ്‌ക്രീന്‍, 4,545 ടെലിവിഷന്‍, 4,611 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 4,720 എച്ച്.ഡി. വെബ്ക്യാം, 4,578 ഡി.എസ്.എല്‍.ആര്‍. ക്യാമറ എന്നിവയാണ് സ്‌കൂളുകളില്‍ വിന്യസിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബാക്കിയുള്ള പദ്ധതി പൂര്‍ത്തീകരണത്തിനായി കിഫ്ബിയില്‍ നിന്നും 595 കോടി രൂപയുടേയും ക്ലാസ് മുറികള്‍ക്കായി പ്രാദേശിക തലത്തില്‍ 135.5 കോടി രൂപയുടേയും പങ്കാളിത്തം ലഭിക്കും. അടിസ്ഥാന സൗകര്യമൊരുക്കാന്‍ മാത്രം 730 കോടി രുപ വകയിരുത്തിയിട്ടുണ്ട്. 2 ലക്ഷം കമ്പ്യൂട്ടറുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിന്യസിച്ചു. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതിക പരിശീലനം, കരിക്കുലം അധിഷ്ഠിത ഡിജിറ്റല്‍ വിഭവങ്ങളുമായി ‘സമഗ്ര’ വിഭവ പോര്‍ട്ടല്‍ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്.
1,83,440 അധ്യാപകര്‍ക്കാണ് വിദഗ്ധ ഐസിടി പരിശീലനം നല്‍കിയത്. വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന നേട്ടത്തിലേക്കെത്തുകയാണ് കേരളമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *