Thursday, January 23, 2025
Kerala

കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിന് എതിരായ ഹർജി ഇന്ന് സുപ്രിം കോടതിയിൽ

കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിന് എതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ഹർജിയിൽ ഗവർണർക്ക് സർവകലാശാലയുടെ ചാൻസലർ എന്ന നിലയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഹർജിയിൽ ഒന്നാം എതിർകക്ഷിയാണ് ഗവർണർ. ഗവർണറെ കൂടാതെ സംസ്ഥാന സർക്കാർ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.

കണ്ണൂർ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാഡമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണൂർ സർവകലാശാല ആക്ടിന്റെ സെക്ഷൻ പത്തിന്‍റെയും ഏഴിന്‍റെയും ലംഘനം വഴിയാണ് പുനർനിയമനം നടത്തിയതെന്ന് ഹർജിക്കാരുടെ വാദം. വിസിയെ നീക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും നേരത്തെ തള്ളിയിരുന്നു.

പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. പുനർനിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിൽ വലിയ വാക്കുതർക്കം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *