Monday, January 6, 2025
Kerala

‘വളഞ്ഞ വഴിയിലൂടെ വേല വയ്‌ക്കേണ്ട കാര്യമില്ല, സത്യമാണ് ദൈവം’; കെ.ബി ഗണേഷ് കുമാർ

സോളാർ കേസ് ഗൂഢാലോചനയിൽ മറുപടിയുമായി കെ.ബി ഗണേഷ് കുമാർ. ഗണേഷ് കുമാറിനോ ബാലകൃഷ്ണ പിള്ളക്കോ ഉമ്മൻചാണ്ടിയുമായി വ്യക്തിപരമായ ശത്രുതയില്ല. രാഷ്ട്രീയമായ വിയോജിപ്പ് മാത്രമേയുള്ളൂ. തനിക്ക് വളഞ്ഞ വഴിയിലൂടെ വേലവയ്‌ക്കേണ്ട കാര്യമില്ല. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് വിളിച്ച നേതാക്കൾ ഇപ്പോഴും ഈ സഭായിൽ ഉണ്ട്. അവരുടെ പേര് താൻ വെളിപ്പെടുത്തുന്നില്ലെന്നും വേണ്ടിവന്നാൽ അപ്പോൾ പറയാമെന്നും ഗണേഷ് കുമാർ നിയമസഭയിൽ.

താൻ ഒരു തുറന്ന പുസ്തകമാണെന്നും സത്യമാണ് തന്റെ ദൈവമെന്നും ഗണേഷ് കുമാർ. സോളാറിലെ പരാതിക്കാരിയുടെ ആരോപണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടിയെ പറ്റി തനിക്കറിയില്ല എന്നാണ് പറഞ്ഞത്. അച്ഛൻ ബാലകൃഷ്ണപ്പിള്ള പറഞ്ഞത് ഉമ്മൻ ചാണ്ടിയെ പറ്റി ഇല്ലാത്തതാണ് പരാതിക്കാരി എഴുതിയത് എന്നാണ്. ഇത് സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ടാകും. സോളാർ സമയത്ത് സഹായത്തിനായി കോൺഗ്രസ് നേതാക്കൾ പിതാവിനെ സമീപിച്ചു. ശരണ്യ മനോജ് തന്റെ ബന്ധുവാണ്, അത് നിഷേധിക്കുന്നില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വേദികളിൽ പ്രസംഗിച്ചയാളാണ് ശരണ്യ മനോജ്.

കപട സദാചാരം നടിച്ച് കേരള രാഷ്ട്രീയത്തിൽ നിൽക്കുന്ന ആളല്ല താൻ. ഗണേഷ് കുമാറിന് വളഞ്ഞ വഴിയിലൂടെ വേല വയ്‌ക്കേണ്ട കാര്യമില്ല. ഭാര്യയെയും മക്കളെയും ബോധ്യപ്പെടുത്തിയാൽ മതി, മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല തനിക്ക്. 2013 ഏപ്രിൽ ഒന്നിന് യുഡിഎഫ് സർക്കാരിൽ നിന്ന് രാജിവച്ചു. ഉമ്മൻ ചാണ്ടിയുടെ കയ്യിൽ രാജിക്കത്ത് നിർബന്ധിച്ച് ഏൽപ്പിച്ചതായിരുന്നു. എൽ.ഡി.എഫിനെ വഞ്ചിച്ച് യു.ഡി.എഫിലേക്ക് വരുമെന്ന് ഷാഫി കരുതേണ്ട, അഭയം നൽകിയ എൽ.ഡി.എഫിനെ വഞ്ചിക്കുന്ന പ്രശ്നം മരിച്ചാലും ഉദിക്കുന്നില്ല.

ഉമ്മൻ ചാണ്ടിക്ക് സോളാർ കേസിൽ പങ്കില്ല എന്ന് തെളിയാൻ കാരണം പിണറായി വിജയനാണ്. അദ്ദേഹം സി.ബി.ഐക്ക് വിട്ടതുകൊണ്ടാണ് ഈ കേസിൽ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത്. അതിന് പിണറായി വിജയനോട് കോൺഗ്രസ് നന്ദി പറയണമെന്നും ഗണേഷ് കുമാർ പറഞ്ഞു. തങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞ് പല യു.ഡി.എഫ് നേതാക്കളും സഭയിലുണ്ട്. അവരുടെ പേര് വെളിപ്പെടുത്താത്തത് മാന്യത കൊണ്ടാണെന്നും ഗണേഷ് കുമാർ.

Leave a Reply

Your email address will not be published. Required fields are marked *