Friday, January 3, 2025
Kerala

ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രം, പിന്നാലെ ആറ്റുകാലും, സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയും; പാളയം മുസ്ലിം പള്ളിയും സന്ദർശിച്ച ശേഷം സഭയിലേക്ക്

സത്യപ്രതിജ്ഞാ ദിവസം തന്നെ ചാണ്ടി ഉമ്മന്റെ ദിവസം തുടങ്ങിയത് തിരക്കുകളിൽ നിന്ന്. പുതുപ്പള്ളി ഹൗസിൽ തന്നെ കാണാനെത്തിയവരേയും അവരുടെ പരാതികളും പ്രശ്‌നങ്ങളും കേട്ടറിഞ്ഞ ശേഷം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു. പഴവങ്ങാടി ക്ഷേത്രത്തിൽ തൊഴുതിറങ്ങി പിന്നാലെ ആറ്റുകാൽ ക്ഷേത്രവും സന്ദർശിച്ചു. അവിടെ നിന്ന് നേരെ പോയത് പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലേക്കാണ്. പ്രാർത്ഥനയ്ക്ക് ശേഷം പാളയം മുസ്ലിം പള്ളിയിൽ പോയി കാണിക്ക ഇട്ടതിനു ശേഷമാണ് നിയമസഭയിലേക്ക് പോയത്.

ഇന്ന് രാവിലെ 10 മണിക്ക് ചോദ്യോത്തര വേളക്കുശേഷമാകും ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. ഇന്ന് പുനരാരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് താൽക്കാലികമായി സഭ നിർത്തിവച്ചത്.

രണ്ടാം പിണറായി സർക്കാറിന്റെ കാലത്തെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചതിന്റെ ഊർജ്ജവുമായിട്ടാണ് പ്രതിപക്ഷം സഭയിൽ എത്തുക. സർക്കാരിനെതിരായ ജനവിധിയെന്നും ഭരണവിരുദ്ധ വികാരമെന്നും ചുണ്ടിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. മാസപ്പടിവിവാദം, തെരഞ്ഞെടുപ്പ് തോൽവി ,കരുവന്നൂർ ബാങ്ക് തട്ടിപ്പ്, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആരോപണം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനവും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്.

പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കുക എന്നതിനൊപ്പം ഉയർന്നുവരുന്ന വിവാദങ്ങൾക്കും മറുപടി നൽകുകയെന്ന വെല്ലുവിളി കൂടി ഭരണപക്ഷത്തിനുണ്ട് .നാലുദിവസമാണ് സഭ സമ്മേളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *