Thursday, January 9, 2025
Kerala

ഇത് നീതിയുടെ തുടക്കം, ഒപ്പം നില്‍ക്കുന്നത് ശത്രുക്കള്‍ എന്ന അവരുടെ സന്ദേശം എനിക്കുള്ളതല്ല: ചാണ്ടി ഉമ്മന്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്ന് ചാണ്ടി ഉമ്മന്‍. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കണം. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്നാണ് വാദമല്ലെങ്കില്‍ റിപ്പോര്‍ട്ട് കിട്ടുന്ന സമയത്ത് എല്ലാം അന്വേഷിക്കണമെന്നും ചാണ്ടി ഉമ്മന്‍ ട്വന്റിഫോറിനോട് പറഞ്ഞു. നിയമസഭയില്‍ എത്തുന്ന ആദ്യ ദിവസം തന്നെ സോളാര്‍ ഗൂഢാലോചന സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ച നടന്നത് കണ്ടപ്പോള്‍ നീതിയുടെ തുടക്കമായാണ് താന്‍ അത് മനസിലാക്കിയതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷം വളരെ കൃത്യമായ ചോദ്യങ്ങളാണ് ഇന്ന് സഭയില്‍ മുന്നോട്ട് വച്ചതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്റെ പിതാവിനെ ക്രൂശിച്ചെന്നത് പ്രതിപക്ഷനേതാവ് സഭയില്‍ വ്യക്തമായി ചൂണ്ടിക്കാട്ടി. ആരാണ് ഉമ്മന്‍ ചാണ്ടിയെ ക്രൂശിച്ചതെന്ന ചോദ്യം പൊതുസമൂഹത്തില്‍ നിലനില്‍ക്കുകയാണ്. ഒപ്പം നില്‍ക്കുന്നവരാണ് ശത്രുക്കള്‍ എന്ന് ഭരണപക്ഷം പറയുന്ന സന്ദേശം തന്നെ അഭിസംബോധന ചെയ്തല്ലെന്നും അവര്‍ അവരില്‍ ചിലരോട് തന്നെയാണ് അത് പറയുന്നതെന്നും ചാണ്ടി ഉമ്മന്‍ തിരിച്ചടിച്ചു.

സോളാര്‍ പീഡനത്തിലെ അതിജീവിതയെക്കാണാന്‍ ദല്ലാള്‍ നന്ദകുമാറിനെ ഇടനിലക്കാലനാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി ഇന്ന് സഭയില്‍ പൂര്‍ണമായും നിഷേധിച്ചിരുന്നു. സോളാര്‍ കേസില്‍ രാഷ്ട്രീയ താത്പര്യത്തോടെ ഇടപെട്ടിട്ടില്ല. പരാതിക്കാരിയില്‍ നിന്ന് നേരിട്ട് പരാതി എഴുതി വാങ്ങിച്ചിട്ടില്ലെന്നും കിട്ടിയ പരാതിയില്‍ നിയമനടപടി സ്വീകരിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനെ പ്രതിപക്ഷത്തിനാണ് കൂടുതല്‍ പരിചയമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ദല്ലാള്‍ മറ്റ് പലയിടത്തും പോകുന്നുണ്ടാകും. പക്ഷേ ദല്ലാളിന് തന്റെയടുത്ത് വരാന്‍ കഴിയില്ല. ദല്ലാളിനെ മുറിയില്‍ നിന്ന് ഇറക്കിവിട്ടയാളാണ് ഞാന്‍. സതീശനല്ല വിജയനെന്നും മുഖ്യമന്ത്രി ആഞ്ഞടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *