ചെന്നിത്തല പള്ളിയോടം മറിഞ്ഞ് മരണം മൂന്നായി; രാകേഷിന്റെ മൃതദേഹവും കണ്ടെത്തി
ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വലിയപെരുമ്പുഴയില്‍ കടവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പാലത്തിനു സമീപമാണ് രാകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന തെരച്ചിലിന് ഒടുവിലാണ് മൃതദേഹം ലഭിച്ചത്. രാകേഷിനൊപ്പം അപകടത്തില്‍പ്പെട്ട ആദിത്യന്‍, വിനീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് രാകേഷിന്റെ മൃതദേഹം കിട്ടിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് ദൂരെയായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ 8.30നായിരുന്നു അപകടം. പള്ളിയോടം മറിയാനുള്ള കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ ജില്ലാ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.