തോട്ടട അപകടം; ബസിൻ്റെ യാത്ര മണിപ്പാലിൽ നിന്ന് തിരുവല്ലയിലേക്ക്; ചികിത്സയിലായിരുന്നവരിൽ പലരെയും ഡിസ്ചാർജ് ചെയ്തു
കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന പലരെയും ഡിസ്ചാർജ് ചെയ്തു. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ 9 പേരെയും ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 പേരിൽ 6 പേരെയും ഡിസ്ചാർജ് ചെയ്തു. പരുക്കേറ്റ ഒരു സ്ത്രീയുടെ നില അതീവഗുരുതരമാണ്. ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.
മണിപ്പാലിൽ നിന്ന് തിരുവല്ലയിലേക്കായിരുന്നു കല്ലട ബസിൻ്റെ യാത്ര. മണിപ്പാലിലും മംഗളൂരുവിലും പഠിക്കുന്ന വിദ്യാർഥികളും ബസിലുണ്ടായിരുന്നു. ബസിൻ്റെ പിന്നിലാണ് ലോറി ഇടിച്ചത്.
ബസ് യാത്രക്കാരനാണ് മരിച്ചത്. അപകടത്തിൽ ബസ് തലകീഴായി മറിഞ്ഞു. ഇരു വാഹനത്തിലെയും ഡ്രൈവർമാർ അടക്കം 24 പേർക്കാണ് പരുക്കേറ്റിരുന്നത്. 8 പേരുടെ നില ഗുരുതരമാണ്. കണ്ണൂർ ഭാഗത്തേക്ക് മീൻ കയറ്റി വരികയായിരുന്നു ലോറി. അപകടത്തിൽ ബസ് മൂന്ന് തവണ തലകീഴായി മറിഞ്ഞു എന്ന് ദൃക്സാക്ഷികൾ പറയുന്നു.