വെളിപ്പെടുത്തല്‍ പ്രതിയുടെ സ്വാധീനം മൂലമെന്ന് അതിജീവിതയുടെ അഭിഭാഷക
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പ്രതിയുടെ സ്വാധീനം മൂലമെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനി. ജയില്‍ മേധാവിയായിരുന്നപ്പോള്‍ പ്രതിക്ക് വേണ്ടി പ്രത്യേകമായ സൗകര്യമുണ്ടാക്കുന്നതിന് വേണ്ടി ജയിലിലെത്തി ആദ്യം മുതല്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ വ്യക്തിയാണ്. ഈ കേസിലെ പ്രതിയെ രക്ഷിക്കാന്‍ വേണ്ടി തുടക്കം മുതലെ രംഗത്ത് വന്ന വ്യക്തിയാണ് ശ്രീലേഖയെന്നും ടി.ബി.മിനി പറഞ്ഞു.
ഇപ്പോള്‍ അവര്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ തങ്ങള്‍ക്കും അറിയേണ്ട കുറെ കാര്യങ്ങളുണ്ട്. പള്‍സര്‍ സുനി ക്വട്ടേഷന്‍ എടുത്ത് ചെയ്യുന്ന ആളാണ് എന്ന് ശ്രീലേഖ സമ്മതിച്ചിട്ടുണ്ട്. ജയിലിലേക്ക് ഫോണ്‍ കടത്തിയെന്നത് സമ്മതിച്ചിരിക്കുകയാണ്. ആ ഫോണില്‍ നിന്ന് ആരെയൊക്കെ വിളിച്ചിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കണം. കോടതിയില്‍ മാര്‍ക്ക് ചെയ്ത ഒരു ഡോക്യുമെന്റിനെ പറ്റിയാണ് അവര്‍ സംസാരിക്കുന്നത് എന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും മിനി പറഞ്ഞു.
പ്രതിയെ വെള്ള പൂശാനും രക്ഷിക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കേസ് പ്രതിക്ക് എതിരാണെന്ന് മനസിലായപ്പോള്‍ അദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും അഭിഭാഷക പറഞ്ഞു.