Saturday, April 12, 2025
Kerala

ഇത് ചികിത്സയല്ല പീഡനമാണ്; സമൂഹമാധ്യമങ്ങളിലെ വൈറൽ വിഡിയോയ്ക്കെതിരെ ഡോ.സൗമ്യ സരിൻ

ജനിച്ച ഉടനെ കരയാത്ത കുഞ്ഞിനെ കരയിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കരയാത്ത നവജാതശിശുവിനെ കരിയിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരും നഴ്സുമാരും കുഞ്ഞിന്റെ ശരീരത്തിൽ ഇടിക്കുന്നതും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുഞ്ഞ് കരയുന്നതും കാണാം. നിരവധി പ്രമുഖരടക്കം ഈ വൈറൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ വിഡിയോയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയാണ് ഡോ.സൗമ്യ സരിൻ.

വിഡിയോ സമ്പൂർണ അസംബന്ധമാണെന്നും യഥാർത്ഥ വസ്തുത എല്ലാവരിലേക്കും എത്തിക്കണമെന്നുമാണ് ഡോ സൗമ്യ സരിൻ പറയുന്നത്.
വീഡിയോ കണ്ടപ്പോൾ താൻ കരഞ്ഞുപോയി. സന്തോഷം കൊണ്ടല്ല. ആ കുഞ്ഞിന്റെ ദുരവസ്ഥ ആലോചിച്ചിട്ടാണ്. കാരണം കരയാത്ത നവജാതശിശുവിന് അത്യാവശ്യം കിട്ടേണ്ട ഒരു ചികിത്സയും ആ കുഞ്ഞിന് കിട്ടിയിട്ടില്ല. പകരം ഒരിക്കലും നവജാതശിശുവിനോട് ചെയ്യാൻ പാടില്ലാത്ത പീഡനമാണിത്. ഈ ചെയ്ത ചികിത്സ എന്ന പേരിലുള്ള പീഡനത്തിന്റെ ഫലം ആ കുഞ്ഞ് ജീവിതകാലം മുഴുവൻ അനുഭവിക്കാൻ പോകുകയാണ് എന്നതിൽ ഒരു സംശയവും ഇല്ലെന്നും സൗമ്യ സരിൻ കുറ്റപ്പെടുത്തി.

ഡോ.സൗമ്യ സരിന്റെ വാക്കുകൾ:
ജനിച്ചു ആദ്യ ഒരു മിനിറ്റിൽ കരയാത്ത കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ട ചികിത്സാരീതികൾ എന്താണെന്നുള്ളത് ലോകത്തു മുഴുവൻ പൊതുവായി അംഗീകരിക്കപ്പെട്ട പ്രോട്ടോകോൾ ആണ്. അതിന് ‘നിയോനേറ്റൽ റീസസിറ്റേഷൻ പ്രോഗ്രാം’ എന്ന്‌ പറയും. ആദ്യത്തെ ഒരു മിനിറ്റിൽ കരയാത്ത കുഞ്ഞിന് ആദ്യശ്വാസം കൃത്രിമമായി നൽകുക എന്നതാണ് ഏറ്റവും മുഖ്യം. അതിന് പല ഉപകരണങ്ങളും ആവശ്യമാണ്. വലിയതൊന്നുമല്ല. ഒരു ക്ലിനിക്കിൽ പോലും അത്യാവശ്യം ഉണ്ടാവേണ്ട ചില സിമ്പിൾ സാധനങ്ങൾ. ആമ്പു ബാഗ് എന്നൊക്കെ പറയും ഞങ്ങൾ. ഇവിടെ അതൊന്നും കാണാനേ ഇല്ല. അത് കൊടുക്കാത്ത പക്ഷം കുട്ടിയുടെ തലച്ചോറിലേക്കുള്ള ഓക്സിജൻ കുറയുകയും കുഞ്ഞിന് പല വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

ഇനി ആ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ആശുപത്രി ആണെന്ന് വാദിച്ചാലും അവർ ചെയുന്ന മറ്റു കാര്യങ്ങൾ അതിനേക്കാൾ ക്രൂരമാണ്. ഒരു പൂവിനെ പോലെ കൈകാര്യം ചെയ്യേണ്ടവരാണ് നവജാതശിശുക്കൾ. അധികമായി ഉണ്ടാവുന്ന ഒരു കുലുക്കമോ അനക്കമോ ഒക്കെ അവരുടെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാക്കും. ഇവിടെ ആ കുഞ്ഞിനെ എന്തൊക്കെയാണ് ചെയ്യുന്നത്? ബാക്കിൽ മൃദുവായി തടവുന്നതിനു പകരം എത്ര പ്രകൃതമായാണ് ആ കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത്! തല കീഴായി തൂക്കുന്നു, പുറം ഭാഗത്തു തല്ലുന്നു! മൂന്നാം മുറയെക്കാൾ ഭീകരമാണിത്. അതും പോരാഞ്ഞു നെഞ്ചിൽ പിടിച്ചു അമർത്തുന്നു.

5 മിനിറ്റ് കഴിഞ്ഞു കുഞ്ഞു കരയുന്നു. ഈ ചെയ്തതിന്റെ ഫലമായാണ് കുഞ്ഞു കരഞ്ഞത് എന്ന്‌ ദയവു ചെയ്ത് കരുതല്ലേ. തൊണ്ണൂറു ശതമാനം കുഞ്ഞുങ്ങളും ചെറിയ സ്റ്റിമുലേഷനിൽ തന്നെ കരയുന്നവരാണ്. പക്ഷെ ഈ കുഞ്ഞിന്റെ മാതാപിതാക്കൾ ഈ ജീവനക്കാർ ചെയ്തതിന്റെ ഫലം അനുഭവിച്ചാൽ ഈ ജന്മം മുഴുവൻ കരയേണ്ടി വരും. കാരണം ഈ കുഞ്ഞിന്റെ തലച്ചോറിൽ രക്തസ്രാവവും ഓക്സിജൻ ലഭ്യത കുറവും ഉണ്ടായിട്ടുണ്ടാകും എന്നത് ഏകദേശം തീർച്ചയാണ്. അതിന്റെ ഫലമോ, പലവിധം അംഗവൈകല്യങ്ങൾ ഉള്ള ഒരു കുഞ്ഞും!
ഞങ്ങൾ എം ബി ബി എസ് എടുക്കുമ്പോൾ പറയുന്ന പ്രതിജ്ഞയിൽ പ്രധാനഭാഗം ഒരു മനുഷ്യനെ സഹായിക്കാൻ കഴിഞ്ഞില്ലയെങ്കിലും അവർക്ക് ചികിത്സ വഴി ഒരു ബുദ്ധിമുട്ടുകളും ഉണ്ടാക്കരുത് എന്നതാണ്. ഓക്സിജൻ ഇല്ലാത്ത ഒരു ആശുപത്രി ആണെങ്കിൽ പോലും ഇതിൽ ചെയ്ത തെറ്റുകൾ, ആ കുഞ്ഞിനോട് ചെയ്ത പ്രാകൃത രീതികൾ ഇവർക്ക് ഒഴിവാക്കാമായിരുന്നു.

അതിന് വേണ്ടത് ബോധവൽക്കരണം ആണ്. ഇനിയും നമ്മുടെ രാജ്യത്ത് എത്രയോ ഇടങ്ങളിൽ അറിവ് എത്താൻ ബാക്കി നില്കുന്നു!
നമുക്ക് ഈ വീഡിയോ പ്രചരിപ്പിക്കാതെ എങ്കിലും ഇരിക്കാം. കാരണം ഇതുകണ്ട ആരെങ്കിലും നാളെ ഇതേ രീതിയിൽ ഒരു കുഞ്ഞിനെ കൈകാര്യം ചെയ്തേക്കാം. പിന്നേ പ്രമുഖരോടാണ്…നല്ല ഉദ്ദേശത്തോടെ ആണെങ്കിലും മെഡിക്കൽ കാര്യങ്ങൾ ഷെയർ ചെയുമ്പോൾ ഒരു തവണ എങ്കിലും ആധികാരികത പരിശോധിക്കുക. നിങ്ങൾക്ക് അതിനുള്ള സൗകര്യങ്ങൾ ഉണ്ട്. കാരണം നിങ്ങളെ കേൾക്കുന്നത് ലക്ഷങ്ങളാണ്. വിശ്വസിക്കുന്നതും. സത്യം പറയാൻ കഴിഞ്ഞില്ലെങ്കിലും ഒരിക്കലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്!

Leave a Reply

Your email address will not be published. Required fields are marked *