നോവായി ഡോ. വന്ദനയുടെ വിയോഗം; കണ്ണീരുണങ്ങാതെ മുട്ടുച്ചിറയിലെ വീട്, ഇന്ന് സംസ്കാരം, വേദനയോടെ നാട്
കോട്ടയം: കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്കാരം ഇന്ന് നടക്കം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ നിന്നും കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. രാത്രി എട്ടുമണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെ ഒരു നോക്ക് കാണാനായി നൂറുകണക്കിന് ആളുകളാണ് വീട്ടിൽ കാത്തിരുന്നത്. പൊതുദർശനത്തിനും ചടങ്ങുകള്‍ക്കും ശേഷം രാവിലെ 11 മണിയോടെ സംസ്‌കാരം നടക്കും.
നാളെ രാവിലെ മുതല്‍ വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. പൊതു ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനുമടക്കം നിരവധി പ്രമുഖർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നും. ഇവിടെയെല്ലാം ആയിരക്കണക്കിന് ആളുകളാണ് വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്.
ഡോക്ടർ വന്ദനയുടെ ശവസംസ്കാരചടങ്ങിനോട് അനുബന്ധിച്ച് കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെ രാവിലെ അഞ്ചുമണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ.
എറണാകുളം ഭാഗത്ത് നിന്നും ഏറ്റുമാനൂർ – കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ( കണ്ടെയ്നർ ലോറി ഒഴികെ ) കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാലകര- തോട്ടുവ -കാഞ്ഞിരത്താനം -കുറുപ്പന്തറ വഴി പോകേണ്ടതാണ്.ഈ ഭാഗത്തുനിന്നും വരുന്ന കണ്ടെയ്നർ ലോറികൾ ഈ സമയത്ത് തലയോലപ്പറമ്പ് ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.
കോട്ടയം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ( കണ്ടെയ്നർ ലോറി ഒഴികെ ) കുറുപ്പന്തറയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മണ്ണാറപ്പാറ- മള്ളിയൂർ ജംഗ്ഷൻ- റോയൽ മാർബിൾ ജംഗ്ഷൻ- മുട്ടുചിറ വഴി പോകേണ്ടതാണ്. ഈ ഭാഗത്തുനിന്നും വരുന്ന കണ്ടെയ്നർ ലോറികൾ ഈ സമയത്ത് ഏറ്റുമാനൂർ ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.