‘അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകി’ മറുനാടൻ മലയാളിക്കെതിരെ നിയമ നടപടി സ്വീകരിക്കും; പൃഥ്വിരാജ് സുകുമാരൻ
തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരെ നിയമ നടപടിക്കൊരുങ്ങി പൃഥ്വിരാജ് സുകുമാരൻ.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി താൻ 25,00,00,000 രൂപ അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമ്മിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും താൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.