Friday, January 24, 2025
Kerala

കാസർഗോഡ് മാർക്കറ്റിൽ ഒരാളെ കുത്തിയയാൾ ജനറൽ ആശുപത്രിയിലേക്ക് ഓടിക്കയറി; ഇയാൾ ലഹരിക്ക് അടിമയെന്ന് പൊലീസ്

കാസർഗോഡ് മാർക്കറ്റിൽ ഒരാളെ കുത്തിയയാൾ ആശുപത്രിയിലേക്ക് ഓടിക്കയറിയത് ആശുപത്രി ജീവനക്കാരിൽ പരിഭ്രാന്തി പരത്തി. ജനറൽ ആശുപത്രിയിൽ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊവ്വാൽ സ്വദേശി ഫാറൂഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗി അക്രമാസക്തനായി. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അടിപിടിയിൽ പരിക്കേറ്റയാളെ ചികിത്സക്ക് എത്തിച്ചപ്പോഴാണ് പ്രകോപനം ഉണ്ടായത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രോഗി വളരെ അക്രമാസക്തനായിരുന്നുവെന്നും അവിടെയുണ്ടായിരുന്നവർ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പറയുന്നു. കൈ കാലുകൾ ബന്ധിച്ച ശേഷമാണ് രോഗിക്ക് ചികിത്സ നൽകിയത്. ഇവിടെയും മതിയായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

അതേസമയം, ആശുപത്രി ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് കഴിഞ്ഞു. പൊതുദർശന ചടങ്ങുകൾക്ക് ശേഷം വീട്ടുവളപ്പിലാണ് സംസ്‌കാരം നടത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും രാത്രി എട്ടുമണിയോടെയാണ് ജൻമനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്.

ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ച് സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. ഗുരുതരമായ കുറ്റകരമായ അനാസ്ഥയാണ് നടന്നത്. സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക് എത്തിച്ചത്. ഒരു ക്രിമിനലിനെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു. വന്ദനയുടെ വീട്ടിലെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.

Leave a Reply

Your email address will not be published. Required fields are marked *