ജനങ്ങൾക്ക് ഉണ്ടാകാൻ ഇടയുള്ള ആശങ്കയാണ് മുതലമട, വാഴച്ചാൽ നിവാസികൾ ഉന്നയിക്കുന്നത്; എകെ ശശീന്ദ്രൻ
അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനുള്ള കോടതി തീരുമാനത്തിൽ പ്രതികരണവുമായി വനം മന്ത്രി എ. കെ ശശീന്ദ്രൻ. എന്തുകൊണ്ടാണ് തേക്കടി ഒഴിവാക്കി പറമ്പിക്കുളം തിരഞ്ഞെടുത്തതെന്ന് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദഗ്ധ സമിതി ആണ് പറമ്പിക്കുളം നിർദേശിച്ചത്. എന്നാൽ, യുക്തിരഹിതമായ തീരുമാനം കോടതി എടുക്കുമെന്ന് പറയാൻ കഴിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങൾക്ക് ഉണ്ടാകാൻ ഇടയുള്ള ആശങ്ക തന്നെയാണ് മുതലമട, വാഴച്ചാൽ നിവാസികൾ ഉന്നയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കോടതി എടുത്ത തീരുമാനത്തിന്റെ യുക്തി സാധാരക്കാരക്ക് മനസിലായിട്ടില്ല. താൻ സാധാരക്കാരൻ ആയതുകൊണ്ട് തനിക്കും മനസിലാകുന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാറിന് അപ്പീൽ നൽകാനുള്ള ഘട്ടം ആകുന്നെ ഉള്ളു. ഹൈകോടതി സർക്കാരിനോട് അഭിപ്രായം ചോദിച്ചാൽ അപ്പോൾ നിലപാട് വ്യക്തമാക്കും എന്നും അദ്ദേഹം അറിയിച്ചു.
ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെ ഇന്ന് വീണ്ടും അരികൊമ്പന്റെ ആക്രമണമുണ്ടായി. സൂര്യനെല്ലി 92 കോളനിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ ഒരു വീട് തകർന്നു. 92 കോളനിയിലെ ലീലയുടെ വീടാണ് അരിക്കൊമ്പൻ ആക്രമിച്ചത്. വീടിന്റെ അടുക്കളയും മുൻഭാഗവും ആക്രമണത്തിൽ തകർന്നു. അടുക്കളിൽ സൂക്ഷിച്ചിരുന്ന അരിച്ചാക്ക് കഴിച്ച ശേഷമാണ് ആന മടങ്ങിയതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിലുണ്ടായിരുന്ന കുട്ടിയടക്കം മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. കാട്ടാനയെ കണ്ട ലീലയും മകളും കൊച്ചുമകളും കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.