തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ നടുറോഡിൽ മര്‍ദ്ദിച്ച കേസ്; രണ്ട് പ്രതികൾ റിമാൻഡിൽ
തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് വിദ്യാര്‍ത്ഥിനിയെ നടുറോഡിൽ മര്‍ദ്ദിച്ച കേസിൽ രണ്ട് പ്രതികൾ റിമാൻഡിൽ. പ്ലാക്കീഴ് സ്വദേശി അരുൺ പ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് റിമാൻഡിലായത്. മുടിവെട്ടിയ രീതിയെ കളിയാക്കിയതിന് പെൺകുട്ടി മര്‍ദ്ദിച്ചതിന് പിന്നാലെയായാണ് ആക്രമിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി
ക്ലാസ് കഴിഞ്ഞ് ബസ്റ്റ് സ്റ്റോപ്പിലേക്ക് പോകുംവഴിയാണ് ഇന്നലെ വൈകീട്ട് നാലിന് ചേങ്കോട്ടുകോണം എസ് എൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയ്ക്ക് നാലംഗ ലംഘത്തിന്‍റെ മര്‍ദ്ദനമേറ്റത്. മുടി വെട്ടിയതിനെ കളിയാക്കിയതിന് പിന്നാലെയുണ്ടായ വാക്കേറ്റമാണ് മര്‍ദ്ദനത്തിൽ കലാശിച്ചത്. ആൺകുട്ടിയാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നാണ് പ്രതികളുടെ മൊഴി. പ്രതികളായ അരുൺ പ്രസാദ്, വിനയൻ എന്നിവരുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പെൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞു.
മുടി വെട്ടിയ രീതിയെ കളിയാക്കിയപ്പോൾ പെൺകുട്ടി ചീത്തവിളിക്കുകയും നാലംഗ സംഘത്തിലുണ്ടായിരുന്ന ഒരാളെ ചവിട്ടിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. അതിന് ശേഷമായ തിരിച്ച് ആക്രമിച്ചതെന്നാണ് പ്രതികൾ പറയുന്നത്. അറസ്റ്റിലായവർ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്. കേസിൽ ഒളിവിലുള്ള രണ്ട് പ്രതികളെ ഉടൻ പിടികൂടുമെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടി ആശുപത്രി വിട്ടു.