സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ്; പ്രവീൺ റാണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിൽ പൊലീസ് തിരയുന്ന പ്രവീൺ റാണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഇയാൾ രാജ്യം വിടുമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. വിമാനത്താവളങ്ങളിലടക്കം ഇതുമായി ബന്ധപ്പെട്ട് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
പ്രവീൺ റാണ ഉത്തർപ്രദേശിലൂടെ നേപ്പാളിലേക്ക് കടന്ന ശേഷം വിദേശ രാജ്യത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും റാണയുടെ പാസ്പോർട്ട് നമ്പറും വിശദാംശങ്ങളും കൈമാറി.
ഇടുക്കി വഴി ഇയാൾ കേരളം വിട്ടതായുള്ള സൂചനയാണ് പൊലീസിന് ലഭിക്കുന്നത്. മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. ഉറ്റ സുഹൃത്തുക്കളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കഴിഞ്ഞ 6 നാണ് ചെലവന്നൂരിലെ ഫ്ലാറ്റിൽ നിന്ന് പൊലീസ് എത്തുന്നതിന് മുമ്പായി ഇയാൾ കടന്നു കളഞ്ഞത്.
അതേസമയം, കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ പൊലീസ് നടപടി തുടങ്ങി. അഡ്മിൻ മാനേജർ സതീഷിൻ്റെ അറസ്റ്റോടെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകൾ പോലീസ് പിടിച്ചെടുത്തു. ഇത് സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. സേഫ് ആൻഡ് സ്ട്രോങ്ങ് കമ്പനി കേന്ദ്രീകരിച്ച് വ്യാപകമായി കള്ളപ്പണ നിക്ഷേപവും നടന്നിട്ടുണ്ടെന്ന് വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. വലിയ തോതിൽ നിക്ഷേപിച്ചവർ ആരും തന്നെ ഇതുവരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ല. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 40ലേറെ പരാതികളാണ് പൊലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.