ധീരജിന്റെ മരണകാരണം ഇടതുനെഞ്ചിലേറ്റ കുത്ത്; മൂന്ന് സെന്റിമീറ്റർ ആഴത്തിൽ മുറിവ്, ദേഹത്ത് ചതവുകളും
ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ധീരജിന്റെ മരണകാരണമായത് നെഞ്ചിലേറ്റ മുറിവാണ്. ഇടത് നെഞ്ചിന് താഴെ കത്തി കൊണ്ട് മൂന്ന് സെന്റിമീറ്റർ ആഴത്തിലാണ് കുത്തേറ്റത്. ഒരു മുറിവ് മാത്രമാണ് ശരീരത്തുള്ളത്. ദേഹത്തിൽ മർദനമേറ്റ പാടുകളുമുണ്ട്
രാഷ്ട്രീയ വിരോധത്തെ തുടർന്നാണ് ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്നതെന്നാണ് എഫ് ഐ ആറിലുള്ളത്. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം വിദ്യാർഥി കൂടിയല്ലാത്ത നിഖിൽ കോളജിലേക്ക് കത്തിയുമായി വന്നത് എന്തിനാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സ്വയരക്ഷക്ക് വേണ്ടി കത്തി എടുത്തുവെന്നാണ് ഇയാൾ നൽകിയ മൊഴി