ഓഫീസിൽ എത്തില്ല, പരാതികൾക്ക് പരിഹാരം കാണില്ല; എക്‌സിക്യുട്ടീവ് എൻജിനീയർക്ക് സസ്‌പെൻഷൻ
കിഫ്ബി പദ്ധതികളിലെ മെല്ലപ്പോക്കിനെ തുടർന്ന് എക്‌സിക്യുട്ടീവ് എൻജിനീയർക്ക് സസ്‌പെൻഷൻ. കാസർഗോഡ് കിഫ്ബി പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള സീനത്ത് ബീഗത്തെയാണ് സസ്‌പെന്റ് ചെയ്തത്. പദ്ധതി നടത്തിപ്പിലെ തുടർച്ചയായ വീഴ്ചയെ തുടർന്നാണ് നടപടി.
മലയോര ഹൈവേ, തീരദേശ ഹൈവേ ജോലികൾ മുന്നോട്ടോപോകാത്തതിന്റെ പേരിൽ ഉദ്യോഗസ്ഥയെ മന്ത്രി ശാസിച്ചിരുന്നു. കെആർഎഫ്ബിടിഎംയു പ്രോജക്ട് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി കൈക്കൊണ്ടത്. എക്സിക്യൂട്ടീവ് എൻജിനീയർ കെ. സീനത്ത് ബീഗം ജോലിയിൽ പുലർത്തുന്ന നിരന്തരമായ വീഴ്ചകൾ കാസർഗോഡ് ഡിവിഷനിലെ കെആർഎഫ്ബി പ്രവൃത്തികളുടെ പുരോഗതിയെ ബാധിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടതിനെതുടർന്ന് അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകിയിരുന്നു.
എക്സിക്യൂട്ടീവ് എൻജിനീയർ എന്ന നിലയിൽ വഹിക്കേണ്ട മേൽനോട്ട ചുമതലകൾ നിർവഹിക്കാതിരിക്കുക, പ്രൊജക്ട് ഡയറക്ടറുടെ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക, ഓഫീസിൽ തുടർച്ചയായി ഹാജരാകാതിരിക്കുക, തീരദേശ- മലയോര ഹൈവേകൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്തുന്ന ആഴ്ചതോറുമുള്ള യോഗങ്ങളിൽ ഹാജരാകാതിരിക്കുക, പൊതുജനങ്ങളും ജനപ്രതിനിധികളും ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരം കാണാതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് സീനത്ത് ബിഗത്തിനെതിരെ കെആർഎഫ്ബി ചീഫ് എൻജിനീയർ കണ്ടെത്തി റിപ്പോർട്ട് നൽകിയത്.