Tuesday, January 7, 2025
Kerala

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്;സ്കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെന്നും മുഖ്യമന്ത്രി

 

തിരുവനന്തപുരം: കൊവിഡ് വാക്സീനേഷനില്‍ വലിയ പുരോഗതിയുണ്ടായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍.പ്രതിവാര കൊവിഡ് വ്യാപന നിരക്ക് എട്ട് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ മാത്രമേ ഇനി കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തൂ. ഇതുവരെ ഇത് ഏഴ് ശതമാനമായിരുന്നു.

ക്വാറന്റൈന്‍ ലംഘിക്കുന്നവരെ നിര്‍ബന്ധിത ക്വാറന്റൈനില്‍ അയക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും രോഗികളുള്ള വീടുകളില്‍ നിന്നുള്ളവര്‍ ക്വാറന്റൈന്‍ ലംഘിക്കുന്നത് കര്‍ശനമായി തടയുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് വ്യാപനം കുറയുന്നില്ലെങ്കിലും രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടേയും മരണപ്പെടുന്നവരുടേയും എണ്ണത്തില്‍ കാര്യമായ കുറവുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തെ ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് കേരളം എത്തുകയാണ്. ഈ സാഹചര്യത്തില്‍ സ്കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ :

വാക്സീനേഷന്‍ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 30 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏഴ് ലക്ഷം വാക്സീന്‍ കൈയ്യിലുള്ളത് നാളെയോടെ കൊടുത്തുതീര്‍ക്കും. 45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേര്‍ക്ക് ഒരു ഡോസും 50 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി. ആര്‍ടിപിസിആര്‍ വര്‍ധിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സീന്‍ 80 ശതമാനം പൂര്‍ത്തിയാവുകയാണ്. ആര്‍ടിപിസിആര്‍ വ്യാപകമായി നടത്തും. ചികിത്സ വേണ്ട ഘട്ടത്തില്‍ ആന്റിജന്‍ നടത്തും.

സ്കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള ആലോചന നടക്കുന്നുണ്ട്. അറിവും അനുഭവ സമ്ബത്തുമുള്ള വിദഗ്ദ്ധരുമായി ചര്‍ച്ച നടക്കുന്നുണ്ട്. വ്യവസായ – വ്യാപാര മേഖലയുടെ പുനരുജ്ജീവനവും അടിയന്തിരമായി നടപ്പിലാക്കും. അതിനാവശ്യമായ ഇടപെടലുണ്ടാകും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്സീനേഷന് സൗകര്യമൊരുക്കും. കോളേജിലെത്തും മുന്‍പ് വിദ്യാര്‍ത്ഥികള്‍ ഒരു ഡോസ് വാക്സീനെങ്കിലും എടുക്കണം. രണ്ടാമത്തെ ഡോസ് എടുക്കാന്‍ കാലാവധി ആയവര്‍ അതും എടുക്കണം. വിദ്യാര്‍ത്ഥികള്‍ വാക്സീന് ആശാവര്‍ക്കറെ ബന്ധപ്പെടണം. മറ്റ് സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ഡോസ് വാക്സീന്‍ നിര്‍ബന്ധമാക്കി. അത് കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമാണ്. അവരുടെ രണ്ട് ഡോസ് വാക്സീന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും.

സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച്‌ വാക്സീനെടുക്കാത്ത വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ആരോഗ്യവകുപ്പിന് നല്‍കും. അത് അടിസ്ഥാനമാക്കി വാക്സീനേഷന്‍ ക്യാംപ് നടത്തും. ആരും വാക്സീനെടുക്കാതെ മാറിനടക്കരുത്. കൊവിഡ് ഭീഷണികളെ അവഗണിക്കാനാവില്ല. മുന്‍കരുതല്‍ പാലിച്ച്‌ സുരക്ഷാ കവചം തകരാതെ മുന്നോട്ട് പോകാനാവണം. എന്നാലേ ഈ പ്രതിസന്ധി വിജയകരമായി മറികടക്കാനാവൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *