നിരവധി സ്വർണക്കടത്ത് കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ രഞ്ജിത്തും സംഘവും പിടിയിൽ
സ്വർണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ രഞ്ജിത്തും സംഘവും തിരുവനന്തപുരത്ത് പിടിയിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ രഞ്ജിത്തിന്റെ പേരിൽ മുപ്പതിലേറെ കേസുകളുണ്ട്. വിതുര പോലീസാണ് ഇയാളെ പിടികൂടിയത്.
കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് സ്വർണക്കടത്ത്, ഹവാല, കുഴൽപ്പണം, ഭീഷണിപ്പെടുത്തി പണം തട്ടൽ, വധശ്രമം എന്നീ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കോയമ്പത്തൂരിലും ഇയാളുടെ പേരിൽ കേസുണ്ട്. കൂത്തുപറമ്പിൽ കള്ളക്കടത്ത് ഏജന്റിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ്.
പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച രഞ്ജിത്ത് വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കോഴിക്കോട് ഡിസിപിയിൽ നിന്നും തിരുവനന്തപുരം പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിതുരയിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പിടിയിലാകുമ്പോൾ ഒപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. തുടർന്നാണ് ഇയാളുടെ സംഘാംഗങ്ങളായ ഹൈജാസ്, മനോജ്, പന്തീരങ്കാവ് സ്വദേശി നിജാസ്, രജീഷ് എന്നിവരെയും പിടികൂടിയത്.