തൃശൂർ ജില്ലയിൽ ഇന്ന് നഴ്‌സസ് പണിമുടക്കും
തൃശൂർ ജില്ലയിൽ ഇന്ന് മുതൽ നഴ്‌സസ് ഉൾപ്പെടെ യു.എൻ.എയ്ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും പണിമുടക്കും. നഴ്‌സസിനെ ആക്രമിച്ചെന്ന പരാതിയിൽ
കൈപ്പറമ്പ് നൈൽ ആശുപത്രി ഉടമ ഡോ.അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
വിഷയത്തിൽ ഒരാഴ്ച്ച മുൻപ് കളക്ടറുമായി യുഎൻഎ ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ച നടത്തി ഒരാഴ്ച്ച കഴിഞ്ഞിട്ടും കളക്ടർ നൽകിയ ഉറപ്പുകൾ പാലിക്കാതെ ആയതോടെ യുഎൻ.എ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ ഉൾപ്പടെ പണിമുടക്കും.
ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 5000ത്തിലേറെ രോഗികൾ ചികിത്സയിലുണ്ടെന്നാണ് നിഗമനം. സമരം ഈ രോഗികളെ ബാധിക്കും എന്നതിനാൽ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ആശുപത്രി മാനേജ്‌മെന്റുകൾ.