Saturday, October 19, 2024
Kerala

മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ; ബസ്സുകൾ കസ്റ്റഡിയിലെടുത്തു

തൃശൂർ: കുന്നംകുളത്ത് മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ. അണ്ടത്തോട് സ്വദേശി അൻവർ, ഇയാൽ സ്വദേശി രബിലേഷ് എന്നിവരാണ് പിടിയിലായത്. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് മദ്യലഹരിയിൽ വാഹനമോടിച്ച ഡ്രൈവർമാരെ പൊലീസ് പിടികൂടിയത്. ബസ്സുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, മഞ്ചേരിയിൽ യാത്രക്കാരനെ കാറിടിപ്പിച്ചു വീഴ്ത്തിയും വടിവാൾ വീശിയും എട്ട് ലക്ഷം രൂപ കവർന്ന കേസിൽ നാലുപേർ മഞ്ചേരി പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട അടൂർ സ്വദേശികളായ പരുത്തിപ്പാറ വയല കല്ലുവിളയിൽ വീട്ടിൽ സുജിത്ത് (20), വടക്കേടത്തുകാവ് നിരന്നകായലിൽ വീട്ടിൽ രൂപൻ രാജ് (23), വടക്കേടത്തുകാവ് മുല്ലവേലി പടിഞ്ഞാറ്റേതിൽ വീട്ടിൽ സൂരജ് (23), അടൂർ പന്നിവിഴ വൈശാഖം വീട്ടിൽ സലിൻ ഷാജി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജൂൺ 23ന് പൂക്കോട്ടൂർ അങ്ങാടിയിലാണ് കേസിനാസ്പദമായ സംഭവം. മോട്ടോർ സൈക്കിളിൽ പോവുകയായിരുന്ന മൊറയൂർ സ്വദേശി സുജിത്തിനെ കാറിടിപ്പിച്ച് തള്ളിയിടുകയും വടിവാൾ വീശിയും കുരുമുളക് വെള്ളം സ്‌പ്രേ ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയം ചെയ്ത ശേഷം പണം കവരുകയായിരുന്നു. കുഴൽപ്പണം ആണ് സംഘം കവർന്നത്. കേസിൽ അന്വേഷണം നടന്നുവരവെ പ്രതികളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിനു വിവരം ലഭിച്ചു.

എസ്പിയുടെ നിർദ്ദേശാനുസരണം മലപ്പുറം ഡിവൈഎസ് പി അബ്ദുൽ ബഷീർ പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം കൊടുത്തു. തുടർന്നാണ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തത്. പൊലീസ് ഇൻസ്‌പെക്ടർമാരായ ജോബി തോമസ്, റിയാസ് ചാക്കീരി, മഞ്ചേരി എസ്.ഐ മാരായ സുജിത്ത്, ബഷീർ, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ് ചാക്കോ, ഐ.കെ. ദിനേഷ്, പി. സലീം, ആർ. ഷഹേഷ്, കെ. ജസീർ, ഹക്കീം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

­

Leave a Reply

Your email address will not be published.