ആറ് വയസ്സുകാരിയെ അർജുൻ പീഡനത്തിന് ഇരയാക്കിയത് മിട്ടായി വാങ്ങി നൽകിയ ശേഷം
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസ്സുകാരിയെ പ്രതി അർജുൻ പീഡനത്തിന് ഇരയാക്കിയത് മിട്ടായി വാങ്ങി നൽകിയ ശേഷം. ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്. പ്രതിയെ മിട്ടായി വാങ്ങിയ കടയിലെത്തിച്ച് പോലീസ് തെളിവെടുത്തു. കടയിലുള്ളവർ പ്രതിയെ തിരിച്ചറിഞ്ഞു
കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അർജുൻ കടയിലെത്തി മിട്ടായി വാങ്ങിയിരുന്നുവെന്ന് കടക്കാർ മൊഴി നൽകി. കുട്ടിയെ പീഡിപ്പിക്കാനായി കഴിഞ്ഞ രണ്ടര വർഷത്തോളമായി ഇവിടെ നിന്നാണ് അർജുൻ മിട്ടായി വാങ്ങിയിരുന്നത്.
ടി വി കണ്ടുകൊണ്ടിരുന്ന കുട്ടിക്ക് മിട്ടായി നൽകിയ ശേഷമായിരുന്നു പീഡനം. പീഡിപ്പിക്കുന്നതിനിടെ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. തുടർന്നാണ് ഷാളിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. തുടർന്ന് അർജുൻ ജനൽ വഴി പുറത്തിറങ്ങിയ ശേഷം അപ്പുറത്തെ ലയത്തിൽ പോയി വിശ്രമിച്ചു. തന്റെ നിലവിളി കേട്ടപ്പോൾ ആദ്യം ഓടിയെത്തിയത് അർജുനായിരുന്നുവെന്ന് കുട്ടിയുടെ സഹോദരനും വെളിപ്പെടുത്തി.