Tuesday, January 7, 2025
Kerala

ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കടുപ്പിക്കും

 

ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വാക്‌സിനേഷൻ കാര്യത്തിൽ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്‌സിൻ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കണം. ജൂൺ 15ഓടെ സോഫ്റ്റ്വെയർ സഹായത്തോടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യും. പരമാവധി മൂന്നുദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തിന് വിവരം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കും. ഹോട്ടലുകളിൽ ശനി, ഞായർ ദിവസങ്ങളിൽ ടേക്ക് എവേ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറിക്കു മാത്രമേ അനുവാദമുണ്ടാകൂ. ഐസൊലേഷൻ സൗകര്യമില്ലാത്ത വീടുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്താൽ രോഗിയെ നിർബന്ധമായും കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ചില സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങൾ അമിത ഫീസ് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഫീസ് അടക്കാത്ത വിദ്യാർഥികളെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കുന്നില്ല. കുട്ടികളുടെ പഠനം നിഷേധിക്കുന്ന രീതി അനുവദിക്കില്ല. ഈ വിഷയം പരിശോധിച്ച് കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *