എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ; അനുഭവ പരിചയം കുറവായിരുന്നുവെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ സതീശൻ
തിരുവനന്തപുരം: ഡോക്ടർ വന്ദനദാസിന്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാർ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നു സതീശൻ പറഞ്ഞു. ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്ജ്.
പൊലീസ് കൊണ്ടുവന്ന പ്രതിയാണ് അക്രമം കാണിച്ചത്. അവിടെ ഒരു സിഎംഒയും മറ്റു ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നു. ഈ പെൺകുട്ടി ഒരു ഹൗസ് സർജനായിരുന്നു. അത്ര പരിചയസമ്പന്നയായിരുന്നില്ല. ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ടെന്നാണ് അവിടെയുള്ള ഡോക്ടർമാർ അറിയിച്ച വിവരമെന്നും വീണാ ജോർജ്ജ് പറഞ്ഞു. ഈ പരാമർശമാണ് വിവാദമായത്. അതേസമയം, ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. പെൺകുട്ടി പഠിക്കുന്ന കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടാതെ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പണിമുടക്കുകയാണ്. ഐഎംഎ, കെജിഎംഒഎ സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർ തെരുവിലിറങ്ങിയത്. പല ആശുപത്രികളിലും അത്യാസന്ന വിഭാഗം മാത്രമേ പ്രവർത്തിക്കുന്നുള്ളു. കൊട്ടാരക്കരയ്ക്ക് പുറമെ കോഴിക്കോട്ടും കണ്ണൂരുമടക്കം മുതിർന്ന ഡോക്ടർമാരുൾപ്പെടെ മുദ്രാവാക്യം വിളികളുമായി തെരുവിൽ പ്രതിഷേധിച്ചു.
”രോഗിയുടെ പരിക്ക് ചികിത്സിക്കാൻ ശ്രമിച്ചതിനാണ് ഡോക്ടർക്ക് മരണ ശിക്ഷ ലഭിച്ചത്. ആശുപത്രികൾ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്നത് നേരത്തെയും ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടതാണ്. എന്നാൽ ഇതുവരെയും അതുണ്ടായില്ല. ഡോക്ടർമാർ വ്യാപകമായി ആക്രമിക്കപ്പെട്ടു. സർക്കാരിന്റെ മുന്നിലിക്കാര്യം നിരവധിത്തവണ അവതരിപ്പിച്ചിട്ടും ഗൗരവത്തിലെടുത്തില്ല. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കേണ്ടത് അത്യാവശ്യമാണ്”. പൊലീസ് ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം നൽകിയേ മതിയാകൂവെന്നും കൊട്ടാരക്കരയിൽ പ്രതിഷേധിച്ച ഡോക്ടർമാർ ആവശ്യപ്പെട്ടു.
അതേസമയം, പെൺകുട്ടിയുടെ മാതാപിതാക്കൾ കിംസ് ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കിംസ് ആശുപത്രിയിലുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.