Friday, January 10, 2025
Kerala

മുപ്പതിന്റെ നിറവിൽ ഇസാഫ്

 

തൃശൂര്‍:  കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സോഷ്യല്‍ ബാങ്ക് ആയ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അഞ്ചാം വാർഷികവും 1992ല്‍ സന്നദ്ധ സംഘടനയായി തുടക്കമിട്ട ഇസാഫിന്റെ 30-ാം വാർഷികവും തൃശ്ശൂരിൽ സംഘടിപ്പിച്ചു. ഇസാഫ് ബാങ്കിന്റെ  കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങുകള്‍ ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍ ഉദ്‌ഘാടനം ചെയ്തു. ഇസാഫ് സ്ഥാപകനും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് സ്ഥാപകദിന സന്ദേശം നൽകി. ഇസാഫ് ബാങ്ക് ചെയര്‍മാന്‍ പി ആര്‍ രവി മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍ ആശംസകള്‍ നേര്‍ന്നു.

ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിലാണ് ഇസാഫിന്റെ 32 ശതമാനം ശാഖകളും പ്രവര്‍ത്തിക്കുന്നതെന്ന് കെ. പോള്‍ തോമസ് പറഞ്ഞു. ഇന്ത്യയിലൊട്ടാകെ ഇസാഫിന് 50 ലക്ഷം വനിതാ ഉപഭോക്താക്കളുണ്ട്. സ്വയം സംരഭങ്ങളിലൂടെയുള്ള സ്ത്രീ ശാക്തീകരണത്തിന് ഇസാഫ് വലിയ പിന്തുണ നല്‍കിവരുന്നുണ്ട്. ഗ്രാമീണ മേഖലകളില്‍ ഇസാഫിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളും ആശുപത്രികളും തുറന്നിട്ടുണ്ട്. ബിസിനസ് വിജയത്തിലുപരി സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നിയുള്ള സേവനങ്ങളാണ് ഏറെ സംതൃപ്തി നല്‍കുന്നതെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വം കുറച്ചു കൊണ്ടുവരിക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ് ഇസാഫിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ഇസാഫിന്റെ വാര്‍ഷിക ലാഭത്തിന്റെ അഞ്ചു ശതമാനം വരെ തുക സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ക്കു വേണ്ടി ചെലവഴിക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.

ഇസാഫിന്റെ വിജയഗാഥകള്‍ പറയുന്ന ജോയ്‌ഫുൾ സ്റ്റോറീസ് ഓഫ് ട്രാൻസ്ഫോർമേഷൻ എന്ന പുസ്തകം ഇസാഫ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് ചെയര്‍പേഴ്‌സനും എംഡിയുമായ മെറീന പോള്‍ ഓപ്പർച്യുണിറ്റി ഇന്റര്‍നാഷനല്‍ ഓസ്‌ട്രേലിയയുടെ ഡയറക്ടര്‍ ആനി വാങിനു നല്‍കി പ്രകാശനം ചെയ്തു. മഹിളാ ഹോം ലോണ്‍ പദ്ധതി പ്രഖ്യാപനം ഇസാഫ് ബാങ്ക് ഡയറക്ടര്‍ ഡോ. വി. എ. ജോസഫ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്  ജോര്‍ജ് കെ. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നടത്തി.

ഇസാഫ് ബാങ്കിലെ മികച്ച വനിതാ ജീവനക്കാരെയും അഞ്ചു വര്‍ഷം പൂര്‍ത്തീകരിച്ച ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, എം. ജി. അജയന്‍, ഇസാഫ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഇടിച്ചെറിയ നൈനാന്‍, ഇസാഫ് ബാങ്ക് ഡയറക്ടര്‍ അലക്‌സ് ജോര്‍ജ്, വിനോദ് വാസുദേവൻ, സി. പി. മോഹനന്‍, സനീഷ് സിംഗ്, സെഡാർ റീറ്റെയ്ൽ മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ, ഇസാഫ് കോ ഓപ്പറേറ്റീവ് ചെയർമാൻ സെലീന ജോർജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *