Sunday, January 5, 2025
Kerala

വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ, ട്രയൽ റൺ കഴിഞ്ഞു; മന്ത്രി ആന്റണി രാജു

സംസ്ഥാന വ്യാപകമായി അമിത വേഗത നിയന്ത്രിക്കാൻ നിയമനടപടികൾ കർശനമാക്കി വരുകയാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സജീവമാകുന്നതോടെ അപകടങ്ങൾ കുറയുമെന്നാണ് കണക്ക് കൂട്ടൽ. ഇതിന്റെ ട്രയൽ റൺ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ക്യാബിനറ്റ് തീരുമാനം കൂടി കഴിഞ്ഞാൽ ക്യാമറകൾ പ്രവർത്തനസജ്ജമാകും. ഇതോട് കൂടി വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് കർശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രൈവറ്റ് ബസുകളുടെ ഉൾപ്പടെ അമിത വേ​ഗം കാരണം നിരവധി ജീവനുകളാണ് നിരത്തിൽ പൊലിയുന്നത്. കൊച്ചിയിൽ അല്പസമയം മുമ്പാണ് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചത്. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലാണ് അപകടം നടന്നത്. വൈപ്പിൻ സ്വദേശി ആന്റണിയാണ് (46) മരിച്ചത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.
ബസിനടിയിലേക്ക് വീണ ആൻ്റണി തൽക്ഷണം തന്നെ മരിച്ചു.

സി​ഗ്നലിൽ ബൈക്ക് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ സി​ഗ്നൽ മാറിയതോടെ പിന്നിൽ നിന്നെത്തിയ പ്രൈവറ്റ് ബസ് വളരെ അലക്ഷ്യമായി ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. തെറിച്ച് വീണ ആന്റണിയുടെ ദേഹത്തുകൂടിയാണ് ബസിന്റെ മുൻ ചക്രം കയറിയിറങ്ങിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *