പാലാ നൽകില്ല, വേണമെങ്കിൽ കുട്ടനാട് തരാമെന്ന് പിണറായി; മുന്നണി മാറാനൊരുങ്ങി എൻസിപി
മാണി സി കാപ്പനെ പാലാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മാണി സി കാപ്പന് കുട്ടനാട് നൽകാമെന്ന് പിണറായി എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ ഫോണിൽ വിളിച്ച് അറിയിച്ചു.
പാലാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകാനാണ് തീരുമാനം. പാലാ വിട്ടുകൊടുക്കില്ലെന്ന ഉറപ്പിച്ച മാണി സി കാപ്പൻ നേരത്തെ യുഡിഎഫ് നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതോടെയാണ് പിണറായിയും നിലപാട് കടുപ്പിച്ചത്.
ഇതോടെ മുന്നണി മാറ്റ ചർച്ചകൾ എൻസിപി സജീവമാക്കി. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനെ അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്നുച്ചയോടെ ഡൽഹിയിലെത്തുന്ന സംസ്ഥാന നേതാക്കൾ ശരദ് പവാറിനെ കാണും.