കൊവിഡ് വ്യാപനം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വന്നേക്കും
സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വന്നേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രിയെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്
രണ്ടായിരത്തിൽ താഴെയായിരുന്ന പ്രതിദിന വർധനവ് നിലവിൽ ആറായിരത്തിനും മുകളിലാണ്. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. ഇതിനൊപ്പം ഒമിക്രോണും വ്യാപിക്കുന്നത് സർക്കാർ ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വേണമോയെന്ന കാര്യം ആലോചിക്കുന്നത്
കുട്ടികളിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണെങ്കിലും കൊവിഡ് പടരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാകും നിയന്ത്രണം. സ്‌കൂളുകളിൽ നേരിട്ടെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം വന്നേക്കും.