അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ കമറുദ്ദീനെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെ രണ്ട് ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി
കമറുദ്ദീന്റെ ജാമ്യാപേക്ഷ 11ാം തീയതി പരിഗണിക്കും. 11ന് ഉച്ചയ്ക്ക് 3 മണിക്ക് കമറുദ്ദീനെ കോടതിയിൽ ഹാജരാക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം. കോടതി ഇത് അംഗീകരിക്കുകയായിരുന്നു
കസ്റ്റഡി അപേക്ഷയെ കമറുദ്ദീന്റെ അഭിഭാഷകൻ ശക്തമായി എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നാണ് കമറുദ്ദീൻ പറയുന്നത്. ഇപ്പോൾ ചുമത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാൽ 13 കോടിയുടെ തട്ടിപ്പ് നടന്നതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.