കാസർഗോഡ് ജില്ലയിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ്
കാസർഗോഡ് ജില്ലയിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ്. കൊവിഡ് ആശങ്ക അകന്നതോടെയാണ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമായത്. ആഭ്യന്തര ടൂറിസത്തെ ഉത്തേജിപ്പിക്കുന്നതിനായി ജില്ലയിൽ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസത്തിൽ ഒന്നര ലക്ഷത്തിൽ അധികം ആഭ്യന്തര സഞ്ചാരികളാണ് കാസർഗോഡ് എത്തിയത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. കാസർഗോഡ് ജില്ല രൂപീകരിച്ച ശേഷമുള്ള ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കാർഡാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര ടൂറിസം മുന്നിൽക്കണ്ട് കൊണ്ട് പദ്ധതികൾ ആവിഷ്‌ക്കരിച്ചിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ജില്ലയിൽ ബേക്കലിലേക്കാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. വലിയപറമ്പയിലെ ഹൗസ് ബോട്ട് സഞ്ചാരവും, പള്ളിക്കരയും, ഹിൽ സ്റ്റേഷനായ റാണിപുരവും ആഭ്യന്തര സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറി. ജില്ലയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.