വീണ്ടും അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത: യെല്ലോ അലാർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപമെടുക്കുന്ന സാഹചര്യത്തിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മധ്യ, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.