കെഎസ്ഇബി വാഴ വെട്ടിയ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ നൂറുകണക്കിന് കുലവാഴകൾ വെട്ടിനിരത്തി കെഎസ്ഇബി നടപടിയിൽ മനുഷ്യാവകാശകമ്മീഷൻ സ്വമേധയാ കേസെടുത്തു. കെഎസ്ഇബി ചെയർമാൻ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം അംഗം വി. കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഇടുക്കി-കോതമംഗലം 220 കെവി ലൈനിനു കീഴിൽ കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെഎസ്ഇബി. ജീവനക്കാർ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
സംഭവത്തിൽ കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചിരുന്നു. കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശിച്ചിട്ടുണ്ട്. ലൈനിന് കീഴിൽ നട്ടിരുന്ന വാഴകൾ ലൈനിനു സമീപം വരെ വളർന്നിരുന്നു. മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ലൈനിനു സമീപംവരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.