Friday, March 7, 2025
Kerala

ചലച്ചിത്ര രംഗത്തെ വലിയ നഷ്ടം; സിദ്ദിഖിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് രാഷ്ട്രീയ പ്രമുഖര്‍

സംവിധായകന്‍ സിദ്ദിഖിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍. ചിരിപ്പടങ്ങള്‍ക്കും സൂപ്പര്‍ഹിറ്റാകാന്‍ കഴിയുമെന്ന് തെളിയിച്ച സംവിധായകനായിരുന്നു സിദ്ദിഖെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹാസ്യം മാത്രമല്ല ഗൗരവമുള്ള വിഷയങ്ങളും തനിക്ക് വഴങ്ങുമെന്ന് സിദ്ദിഖിന്റെ പിന്നീടുള്ള സിനിമകളും തെളിയിച്ചു. ചലച്ചിത്രരംഗത്തിന് സിദ്ദിഖിന്റെ വേര്‍പാട് വലിയ നഷ്ടമാണെന്നും ചെന്നിത്തല പ്രതികരിച്ചു.

മലയാള സിനിമയില്‍ ഹാസ്യത്തിന് പുതിയ രൂപവും ഭാവവും നല്‍കിയ കലാകാരനായിരുന്നു സിദ്ദിഖെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അനുസ്മരിച്ചു. പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാന്‍ സിദ്ദിഖിനുണ്ടായിരുന്ന വൈഭവം എടുത്തുപറയേണ്ടതാണ്. എണ്‍പതുകളില്‍ ജനപ്രിയമായിരുന്ന മിമിക്‌സ് പരേഡിന്റെ ശില്‍പികളില്‍ പ്രധാനിയാണ് സിദ്ദിഖ്. മലയാളി പ്രേക്ഷകരെ മനസ്സ് നിറയെ ചിരിപ്പിച്ച ശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. സിദ്ദിഖിന്റെ വിയോഗം ചലച്ചിത്ര ലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

സിദ്ദിഖിന്റെ അകാല വിയോഗം ദുഃഖകരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അനുസ്മരിച്ചു. ചിരിയും ചിന്തയും ഒരുപോലെ കോര്‍ത്തിണക്കി കലാമൂല്യവും ജനപ്രിയതയുമുള്ള ചിത്രങ്ങള്‍ ഒരുക്കിയ
അതുല്യ പ്രതിഭയായിരുന്നു സിദ്ദിഖ്. അദ്ദേഹം സൃഷ്ടിച്ച ചിത്രങ്ങളും കഥാപാത്രങ്ങളും മലയാളികള്‍ ഉള്ള കാലം നിലനില്‍ക്കും. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും വി. മുരളീധരന്‍ അറിയിച്ചു.

സംവിധായകന്‍ സിദ്ദീഖിന്റെ നിര്യാണത്തില്‍ നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു. സാധാരണക്കാരന്റെ ജീവിതപ്രശ്‌നങ്ങള്‍ ഹാസ്യത്തിലൂടെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ചേക്കേറിയ സംവിധായകന്‍ ആണ് സിദ്ദിഖ്. കാലം എത്ര കഴിഞ്ഞാലും മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്ന ഒരുപാട് ഹാസ്യരംഗങ്ങള്‍ സിദ്ദിഖിന്റെ എല്ലാ ചിത്രങ്ങളിലും ഉണ്ട്. ലാല്‍ എന്ന സംവിധായകനോടൊപ്പം ചേര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളും, അല്ലാതെ ഒറ്റക്ക് ചെയ്ത ചിത്രങ്ങളും എല്ലാം തന്നെ ശ്രദ്ധേയമായിരുന്നു. ചലച്ചിത്ര ആസ്വാദകരുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ സ്പീക്കറും പങ്കുചേര്‍ന്നു.

മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത, പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി സിനികള്‍ സമ്മാനിച്ചാണ് സിദ്ദിഖ് വിടപറയുന്നതെന്ന് എ കെ ശശീന്ദ്രന്‍ അനുസ്മരിച്ചു. ആദ്യകാലങ്ങളില്‍ ലാലിനൊപ്പവും പിന്നീട് സ്വന്തമായും അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍ എല്ലാം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധനേടിയവയായിരുന്നു. സംവിധായകന്‍ എന്നതിലുപരി തിരക്കഥാകൃത്ത്, നടന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള ചലച്ചിത്ര ലോകത്തെ ബഹുമുഖ പ്രതിഭയായിരുന്നു സിദ്ദിഖ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും ചലച്ചിത്ര പ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *