മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ് ആക്രമിച്ചു: കുഞ്ഞിന്‍റെ മുഖത്തടക്കം ഗുരുതര പരിക്ക്
തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെ തെരുവ്നായ അക്രമിച്ചു. മാമ്പള്ളി കൃപാനഗറിൽ റീജൻ – സരിത ദമ്പതികളുടെ മകൾ റോസ്‌ലിയെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. മുഖത്തടക്കം ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് ഗുരുതര ഭീഷണിയാകുകയാണ് തെരുവുനായ്ക്കള്‍. മലപ്പുറത്ത് തെരുവുനായ് ആക്രമണത്തിൽ എട്ടുവയസ്സുകാരന് പരിക്കേറ്റിരുന്നു. മലപ്പുറം ജില്ലയിലെ മമ്പാട് ആണ് തെരുവുനായ് ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റത്. മമ്പാട് പാലാപറമ്പിലെ വീടിന്റെ മുറ്റത്തിട്ട് അഞ്ചോളം തെരുവുനായകൾ ചേർന്നാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടികളും മുതിർന്നവരും ഒരുപോലെ നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നുണ്ട്.
തിരുവനന്തപുരത്ത് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ എട്ട് പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളിൽ പോവുകയായിരുന്ന മൂന്ന് പേരെയും ആണ് കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇത്രയും പേർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്കൂൾ വിട്ട് അമ്മയോടൊപ്പം സ്കൂട്ടറിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിക്ക് തെരുവു നായയുടെ കടിയേറ്റു. തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ പെരിങ്ങര വൃന്ദാവനത്തിൽ സഞ്ജീവിന്റെ മകൾ കൃഷ്ണപ്രിയക്കാണ് നായയുടെ കടിയേറ്റത്. പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന കൃഷ്ണപ്രിയയെ പിന്നിലൂടെ പാഞ്ഞു വന്ന നായ കാലിൽ കടിക്കുകയായിരുന്നു.
കണ്ണൂരിൽ കൂട്ടത്തോടെ ആക്രമിക്കാനെത്തിയ തെരുവുനായ്ക്കളിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്. നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. കയ്യിലുണ്ടായിരുന്ന ബാഗ് വീശിയാണ് യുവതി നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ടത്. കണ്ണൂർ പന്ന്യന്നൂർ താഴെ ചമ്പാട്ടാണ് സംഭവം.