Thursday, January 9, 2025
Kerala

ഏക സിവിൽ കോഡിൽ സിപിഎം രാഷ്ട്രീയക്കളി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഏക സിവിൽ കോഡിൽ‍ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി നടത്തുന്ന അതേ ശ്രമം തന്നെയാണ് സിപിഎം നടത്തുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായങ്ങളെ തമ്മിൽ അടിപ്പിക്കുന്ന സിപിഎം ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. ഏക സിവിൽ കോഡ് വേണമെന്നു പണ്ട് സിപിഐഎം നയപരമായ നിലപാട് എടുത്തിട്ടുണ്ട്. ഇഎംഎസ്സിന്റെ നിലപാട് പിന്നെ തിരുത്തി കണ്ടതേയില്ല. കോൺഗ്രസിന് ഒറ്റ നിലപാടാണ്. ഇപ്പോൾ സെമിനാർ നടത്തുന്നത് വോട്ട് മുന്നിൽ കണ്ടുകൊണ്ടാണ്. സിപിഐഎം ആദ്യം ചെയ്യേണ്ടത് ഇഎംഎസ്സിന്റെ നിലപാടിനെ തള്ളി പറയുക എന്നതാണ് കാലത്തിനൊത്തു മാറുകയാണെങ്കിൽ സിപിഐഎം അത് തുറന്നു പറയണം. എന്നിട്ട് വേണം എം വി ഗോവിന്ദൻ സെമിനാറിനു ആളുകളെ ക്ഷണിക്കാൻ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏകസിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ മുസ്ലിംലീ​ഗ് പങ്കെടുക്കില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീ​ഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീ​ഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സെമിനാർ നടത്താനും പങ്കെടുക്കാനും സംഘടനകൾക്ക് അവകാശമുണ്ടെന്നും തങ്ങൾ പറഞ്ഞു. പാണക്കാട് ചേർന്ന യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണം. ഇത് മുസ്ലീം വിഷയം മാത്രം അല്ല. എല്ലാവരും ഏറ്റെടുക്കണം. ലീഗ് യുഡിഎഫിലെ പ്രധാന കക്ഷിയാണ്. അതുകൊണ്ടുതന്നെ ലീഗ് സെമിനാറിൽ പങ്കെടുക്കില്ല. കോൺഗ്രസിനെ മാറ്റി ഒന്നും ചെയ്യാനാകില്ല. കോൺഗ്രസിനെ മാറ്റി നിർത്തി സെമിനാറിൽ പങ്കെടുക്കില്ല. പങ്കെടുത്താൽ ദോഷം ഉണ്ടാകും. ലീഗ് സിപിഎം സെമിനാറിന് പോകില്ല. ആർക്കും സെമിനാർ സംഘടിപ്പിക്കാം. ആർക്കും അതിൽ പങ്കെടുക്കാൻ സ്വാതന്ത്ര്യം ഉണ്ട്. സമസ്തക്കും അതിന്റെ സ്വാതന്ത്ര്യം ഉണ്ടെന്നും സാ​ദിഖലി തങ്ങൾ പറഞ്ഞു. ഇവിടുത്തെ സെമിനാറുകൾ ഭിന്നിപ്പിക്കാൻ വേണ്ടി ആകരുതെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. യോജിപ്പിനുള്ള സെമിനാർ ആണ് വേണ്ടത്. ബില്ല് പരാജയപ്പെടാൻ കോൺഗ്രസ്‌ ഇടപെടലുകൾക്ക് മാത്രമേ കഴിയൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *