ബിജെപിയുടേത് ഹീനമായ വിഭജിക്കൽ തന്ത്രം, ഏക സിവിൽ കോഡിൽ സിപിഐഎമ്മിനുള്ളത് ഒരൊറ്റ നിലപാട്; എം.എ ബേബി
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് എംഎ ബേബി. വിഷയത്തിൽ ദേശീയ, സംസ്ഥാന തലങ്ങളിൽ സിപിഐഎമ്മിനുള്ളത് ഒരൊറ്റ നിലപാടാണെന്നും ചില പ്രമുഖ പാർട്ടികളുടേത് പോലെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡ് വേണ്ടതില്ലെന്ന് നേരത്തെ ലോ കമ്മിഷൻ അറിയിച്ചിരുന്നു. ബിജെപിയുടേത് ഹീനമായ വിഭജിക്കൽ തന്ത്രം. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള നീക്കം. എൻഡിഎയിൽ തന്നെ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
ഏകീകൃത സിവിൽ കോഡിലെ സിപിഐഎം പ്രതിഷേധത്തിൽ തീവ്ര സ്വഭാവമുള്ള സംഘങ്ങളെ അകറ്റി നിർത്തുമെന്ന് എംഎ ബേബി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ രൂപപ്പെടുത്തും. പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘങ്ങളെ ഉൾപ്പെടുത്തില്ല. ബിജെപിക്കെതിരെ വമ്പിച്ച പ്രതിഷേധം ഉണ്ടാകുമെന്നും എംഎ ബേബി വ്യക്തമാക്കി.
അതേസമയം ഏക സിവിൽകോഡ് വിഷയത്തിൽ സിപിഐഎമ്മിന്റെത് ആത്മാർഥതയില്ലാത്ത നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു. ‘സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനൊപ്പം നിന്ന ശേഷം സമരക്കാർക്കെതിരെ കള്ളക്കേസെടുത്തു. ഈ കേസുകൾ ഇതുവരെയും പിൻവലിച്ചിട്ടില്ല. ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിനിറങ്ങും മുമ്പ് സി.എ.എ കേസുകൾ സി.പി.ഐ എം പിൻവലിക്കണം. മറുവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് സി.ഐ.എ പ്രക്ഷോഭത്തിന്റെ പേരിൽ കേസെടുത്തത്. ഭിന്നിപ്പുണ്ടാക്കുക എന്ന ബി.ജെ.പി രീതിതന്നെയാണ് സി.പി.ഐ.എമ്മും പിന്തുടരുന്നത്. ഏക സിവിൽകോഡിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കാനാണ് സി.പി.ഐ.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇപ്പോൾ സിവിൽ കോഡ് ആവശ്യം ഇല്ലന്ന് തന്നെയാണ് കോൺഗ്രസിന്റെ നിലപാട്. വി.ഡി സതീശന്‍ പറഞ്ഞിരുന്നു.