Sunday, April 13, 2025
Kerala

പുരാവസ്തു തട്ടിപ്പ്; മുൻ ഡിഐജിയടക്കം ഉന്നതർക്കെതിരെ നടപടിയില്ല, സുധാകരന്‍റെ അറസ്റ്റിന് ശേഷം ഇഴഞ്ഞ് അന്വേഷണം

തിരുവനന്തപുരം: മോൻസൺ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ
അറസ്റ്റിന് പിന്നാലെ തുടർ നടപടികൾ നിലച്ചു. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയിട്ടുണ്ടെങ്കിലും ഇവരെ ചോദ്യം ചെയ്യാൻ പോലും ക്രൈം ബ്രാഞ്ച് തയ്യാറായിട്ടില്ല. ക്രൈം ബ്രാഞ്ച് നടപടികൾ നിലച്ചത് ആശങ്കയുണ്ടാക്കുന്നുവെന്നും
സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നും പരാതിക്കാരൻ എം.ടി ഷമീർ പറഞ്ഞു

കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ പെട്ടെന്നുള്ള അറസ്റ്റോടെയാണ് മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസ് വീണ്ടും സജീവമാകുന്നത്. ക്രൈം ബ്രാഞ്ച് നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന വിമർശനവും ഇതോടൊപ്പം ഉയർന്നിരുന്നു. എന്നാൽ കെ സുധാകരൻ അടക്കമുള്ളവർക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കേസിൽ ഉൾപ്പെട്ടവരെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നുമായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്. പക്ഷെ സുധാകരന്‍റെ അറസ്റ്റ് നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും മറ്റ് പ്രതികൾക്കെതിരെ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല.

മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മണ, അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തെങ്കിലും ചോദ്യം ചെയ്യാൻ പോലും അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല. ഐജി ലക്ഷ്മണയും മുൻ ഡിഐജി അടക്കമുള്ളവർക്കെതിരെ ബാങ്ക് ഇടപാട് രേഖകൾ അടക്കം തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നാണ് പരാതിക്കാർ വ്യക്തമാക്കുന്നത്. മാത്രമല്ല മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ അമൂല്യ വസ്തുക്കളുണ്ടെന്നും ഇതിന് സംരക്ഷണം നൽകണമെന്നും ചൂണ്ടികാട്ടി കത്ത് നൽകിയത് മുൻ ഡിജിപിയാണ്.

ഈ കത്ത് തെളിവായി കാണിച്ചാണ് പരാതിക്കാരിൽ നിന്ന് മോൻസൺ 10 കോടിയോളം രൂപ വാങ്ങി വഞ്ചിച്ചത്. പ്രതികളിൽ പലരും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണം സുപ്രധാന ഘട്ടത്തിലാണെന്ന് ക്രൈം ബ്രാഞ്ച് പറയുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ രണ്ടാഴ്ചയായി വിദേശത്താണെന്നാണ്.നിലവിൽ മോൻസൺ മാവുങ്കലിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഏഴ് ഫോൺ, ലാപ് ടോപ്പ് അടക്കമുള്ളവയിൽ നിന്ന് ഫോറൻസിക് വിഭാഗം ശേഖരിച്ച തെളിവുകളുടെ പരിശോധനയാണ് അന്വേഷണ സംഘം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *