യുവതി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കൈഞരമ്പ് മുറിച്ച് ആശുപത്രിയിൽ
കൊല്ലം പുനലൂരിൽ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മണിയാർ സ്വദേശി മഞ്ജുവാണ് (35) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് മണികണ്ഠൻ മഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം. ഭർത്താവിനെ പരുക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈഞരമ്പ് മുറിച്ച നിലയിലാണ് ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൃതദേഹം കണ്ടെത്തുമ്പോൾ തലയണ മുഖത്ത് ഇരിക്കുന്ന അവസ്ഥയിലായിരുന്നു. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ ചോദ്യം ചെയ്യലുകൾക്കും അന്വേഷണങ്ങൾക്കും ശേഷം മാത്രമേ ഇതിനെപ്പറ്റി കൃത്യമായ വിവരം ലഭ്യമാവുകയുള്ളൂ. മഞ്ജുവും ഭർത്താവ് മണികണ്ഠനും തമ്മിൽ എന്നും വഴക്കും ബഹളവുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞയാഴ്ച്ചയും പൊലീസ് സ്റ്റേഷനിൽ വെച്ച് ഇവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് വീട്ടിലേക്ക് അയച്ചതാണ്. ഇവരുടെ രണ്ട് കുട്ടികളും മഞ്ജുവിന്റെ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. മദ്യപാനിയായ ഭർത്താവ് കഴിഞ്ഞ ദിവസം വീട്ടിലെത്തി മക്കൾ എവിടെയെന്ന് ചോദിച്ച് മഞ്ജുവിനെ ഉപദ്രവിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.