കോവിഡ് രൂക്ഷം ; തിരുവനന്തപുരത്ത് ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണുകൾ
കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നിവയാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ എന്നിവ ബഫര്‍ സോണായും പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളില്‍ ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല. പാല്, പലചരക്ക്, റേഷന്‍ കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. പൊതുജനങ്ങൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ല. മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും ഉറപ്പാക്കും.
പൂന്തുറയില്‍ കോവിഡ‌് സൂപ്പര്‍ സ്പ്രെഡ് ആണുണ്ടായത്. ഒരൊറ്റ രോഗിയില്‍ നിന്ന് അനേകം പേരിലേക്ക് രോഗം പകരുന്നതാണ് സൂപ്പര്‍ സ്പ്രെഡ്. പൂന്തുറ, പുത്തന്‍പള്ളി, മാണിക്കവിളാകം മേഖലകളില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 26 പേര്‍ക്കാണ്. അഞ്ച് ദിവസത്തിനിടെ 119 പേര്‍ക്ക് രോഗം വന്നു. അതിഗുരുതരമാണ് സ്ഥിതി.
രോഗികളുടെ സമ്പര്‍ക്ക പട്ടികയിലെ മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയമാക്കും. പരിശോധനക്ക് ആറ് സംഘങ്ങളെ നിയോഗിച്ചു. തമിഴ്നാട് ഭാഗത്ത് മത്സ്യബന്ധനത്തിന് പോകുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റിനും നിര്‍ദേശം നല്‍കി.
റോഡുകളും വീടുകളും അണുവിമുക്തമാക്കും. വീടുകളില്‍ ബ്ലീച്ചിങ് പൌഡര്‍ വിതരണം ചെയ്യും. കുടുംബത്തിന് 5 കിലോ വീതം സൌജന്യ റേഷന്‍ നല്‍കും. 0,1,2,3 അക്കങ്ങളിലവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് 9ആം തീയതിയും 4,5,6ല്‍ അവസാനിക്കുന്നവര്‍ക്ക് 10നും 7,8,9 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് 11നും റേഷന്‍ വാങ്ങാം. പ്രദേശത്ത് കമാന്‍ഡോകളെ വിന്യസിച്ചു.