Monday, January 6, 2025
Kerala

സ്വപ്‌നയ്ക്ക് പത്താം ക്ലാസ് യോഗ്യത പോലുമുണ്ടോയെന്ന് സംശയം, സ്വത്തിനായി ഭീഷണിപ്പെടുത്തി- സഹോദരന്‍

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും പുതിയ വിവാദം. സ്വപ്ന പത്താം ക്ലാസ് പോലും പാസായോ എന്ന് സംശയമുണ്ടെന്ന് അമേരിക്കയിലുള്ള സ്വപ്നയുടെ സഹോദരൻ ബ്രൈറ്റ് സുരേഷ് വെളുപ്പെടുത്തി.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഹോദരൻ ഇത് സമ്പന്ധിച്ച് പറഞത്.

സ്വപ്ന ഉന്നത വിദ്യാഭ്യാസം നടത്തിയ കാര്യത്തെക്കുറിച്ച് അറിയില്ല. കുടുംബ സ്വത്തിനെ ചൊല്ലി സ്വപ്ന കൂടുംബത്തിനും തനിക്കുമെതിരേ നേരത്തെ വധഭീഷണി മുഴക്കിയിരുന്നു. കൈയും കാലും വെട്ടുമെന്നടക്കം സഹോദരി ഭീഷണിപ്പെടുത്തി. പിന്നീട് സ്വപ്നയുമായി സംസാരിച്ചിട്ടില്ല. ഇതിന് ശേഷം നാട്ടിലേക്ക് വന്നിട്ടില്ലെന്നും ബ്രൈറ്റ് സുരേഷ് വ്യക്തമാക്കി.

സ്വർണക്കടത്ത് കേസിൽ സ്വപ്ന ഉൾപ്പെട്ട വാർത്ത അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. എറെക്കാലമായി രാഷ്ട്രീയക്കാരുമായും ഉന്നതരുമായും സ്വപ്നയ്ക്ക് ബന്ധമുണ്ട്. ഉന്നത സ്വാധീനം കൊണ്ടാകാം യുഎഇ കോൺസുലേറ്റിൽ സ്വപ്നയ്ക്ക് ജോലി കിട്ടിയത്. 2016ലാണ് സ്വപ്നയെ അവസാനമായി കണ്ടത്. സഹോദരിയുമായി ഒരു ബന്ധവും ഇപ്പോഴില്ലെന്നും സഹോദരൻ പറഞ്ഞു.

അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി ഒളിവിലുള്ള സ്വപ്ന ബാലരാമപുരംവഴി തമിഴ്നാട്ടിലേക്ക് കടന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യം കസ്റ്റംസ് പൂർണമായി വിശ്വസിച്ചിട്ടില്ല. സ്വപ്ന തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്. സ്വപ്നയുടെ തിരുവനന്തപുരത്തെ സുഹൃത്തുക്കളെല്ലാം കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടാവുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *