Sunday, January 5, 2025
Kerala

സംസ്ഥാനത്ത് ലോക്ക് ഡൗൺ രണ്ടാം ദിവസത്തിലേക്ക്; പരിശോധന കർശനമാക്കി പോലീസ്

 

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇന്ന് രണ്ടാം ദിവസത്തിലേക്ക്. ആദ്യ ദിവസം ലോക്ക് ഡൗണിനോട് സഹകരിക്കുന്ന മനോഭാവമാണ് പൊതുജനങ്ങളിൽ നിന്നുണ്ടായത്. ഇടറോഡുകളിൽ അടക്കം പോലീസ് ഇന്നും കർശന പരിശോധന തുടരുകയാണ്. ചെക്ക് പോയിന്റുകളിൽ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്.

അടിയന്തരാവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർക്ക് പോലീസ് പാസ് നൽകി തുടങ്ങിയിട്ടുണ്ട്. അപേക്ഷിക്കുന്ന ഓരോരുത്തരുടെയും വിവരങ്ങൾ അതാത് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നൽകുന്നത്.  pass.besafe.kerala.gov.in എന്ന സൈറ്റിലാണ് അപേക്ഷിക്കേണ്ടത്

വീട്ടുജോലിക്കാർ, തൊഴിലാളികൾ, കൂലിപ്പണിക്കാർ, ഹോം നഴ്‌സുമാർ എന്നിങ്ങനെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും പാസ് ആവശ്യമാണ്. ജില്ല വിട്ടുള്ള അത്യാവശ്യ യാത്രകൾക്കും ഇ പാസ് നിർബന്ധമാണ്.

ഔദ്യോഗിക തിരിച്ചറിയൽ കാർഡുള്ള അവശ്യ സേവന വിഭാഗത്തിൽപ്പെട്ടവർ, വാക്‌സിൻ എടുക്കാൻ പോകുന്നവർ, വളരെ അത്യാവശ്യത്തിന് വീടിന് തൊട്ടടുത്തുള്ള കടകളിൽ പോകുന്നവർ എന്നിവർക്ക് പാസ് വേണ്ട. ഇവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം.

Leave a Reply

Your email address will not be published. Required fields are marked *