രേണുരാജ് വയനാട്ടിലേക്ക്; എറണാകുളം ജില്ലാ കളക്ടറായി എൻ.എസ്.കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും
എറണാകുളം ജില്ലാ കളക്ടറായി എൻഎസ്കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും. രാവിലെ 9.30ന് കാക്കനാട് കളക്ടേറ്റിലെത്തി ഉമേഷ് ചുമതലയേറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു എൻഎസ്കെ ഉമേഷ്. നിലവിലെ എറണാകുളം ജില്ലാ കളക്ടർ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി.
ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തം വിവാദമായ പശ്ചത്തലത്തിലാണ് എറണാകുളം ജില്ല കളക്ടറായിരുന്ന രേണുരാജിനെ സ്ഥലം മാറ്റിയത്.
ബ്രഹ്മപുരത്തെ തീയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹാജരായ കളക്ടർ ഇന്ന് വലിയ വിമർശനമാണ് നേരിട്ടത്. ജില്ലാ കലക്ടറുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ദുരന്ത നിരവാരണച്ചട്ടം അനുസരിച്ചുളള നിർദേശങ്ങൾ പൊതു ജനങ്ങളിൽ വേണ്ട വിധം എത്തിയില്ലെന്നും നിരീക്ഷിച്ചു.
നഗരത്തിൽ വിഷപ്പുക പടർന്നതിനെത്തുടർന്ന് ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മാത്രം അവധി പ്രഖ്യാപിച്ചത് നേരത്തെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
അതേസമയം ചാർജെടുത്ത് ഒരു വർഷം മാത്രമായ കളക്ടറെ വയനാട്ടിലേക്ക് മാറ്റിയത്. ഇത് ഫെയ്സ്ബുക്കിൽ വലിയ ചർച്ചയായിരിക്കേ നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണെന്നും നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധമെന്നും വനിതാ ദിനത്തിൽ കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.