ബാബുവിനെ രാത്രി മുഴുവൻ ഉറങ്ങാതെ കാത്തത് എൻഡിആർഎഫ്
പാലക്കാട്: മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ രക്ഷാദൗത്യം വിജയം കണ്ടതിനു പിന്നിൽ എൻഡിആർഎഫ് സംഘത്തിന്റെ ഇടപെടലും. ചൊവ്വാഴ്ച രാവിലെ തന്നെ ബാബു കുടുങ്ങിയ മലയുടെ മുകളിൽ എൻഡിആർഎഫ് സംഘം എത്തിച്ചേർന്നിരുന്നു. ഓരോ രക്ഷാദൗത്യവും പരാജയപ്പെടുമ്പോഴും ബാബുവിന് ആത്മവിശ്വാസം നൽകുവാൻ സംഘത്തിനു സാധിച്ചു.
ഡ്രോൺ ഉപയോഗിച്ച് ബാബുവിന് അരികിലേക്ക് സന്ദേശങ്ങൾ എത്തിച്ചായിരുന്നു ആശയവിനമയം. കഴിഞ്ഞ രാത്രി മുഴുവൻ ബാബുവിനെ ഉറങ്ങാതെ മലയിടുക്കിൽ നിർത്താനും സംഘത്തിനായി. ചെങ്കുത്തായ മലയുടെ ഇടുക്കിൽ 40 മണിക്കൂറോളം ഭക്ഷണവും വെള്ളവും ഇല്ലാതെ കഴിഞ്ഞ 23 കാരൻ ഉറങ്ങിപ്പോകാൻ സാധ്യതയുണ്ടായിരുന്നു. മയങ്ങിപ്പോയാൽ ചെറിയ ഇടുക്കിൽനിന്ന് കാൽവഴുതി താഴേയ്ക്കു പതിച്ചേക്കാം.
ഇത് ഇതുവരെ നടന്നുവന്ന പ്രാർഥനകളെയും പ്രവർത്തനങ്ങളെയും നിഷ്ഫലമാക്കും. ഇതു മനസിലാക്കി രാത്രി മുഴുവൻ ബാബുവുമായി സംസാരിക്കാൻ എൻഡിആർഎഫ് സംഘവും ഉറക്കം കളഞ്ഞ് പ്രവർത്തിച്ചു. ഒടുവിൽ സൈന്യം എത്തി അന്തിമ രക്ഷാദൗത്യം ആരംഭിച്ചപ്പോൾ അവർക്ക് ആവശ്യമായ സഹായവും എൻഡിആർഎഫ് സംഘം നൽകി.