രാഷ്ട്രീയത്തിലെ മികച്ച എതിരാളിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞ ജെയ്ക്ക്; ഇത്തവണയും പക്ഷേ കാലിടറി
അപ്പനെ വിറപ്പിച്ച എതിരാളിയോട് മധുര പ്രതികാരം എന്നാണ് ചാണ്ടി ഉമ്മന്റെ വിജയത്തെ ആളുകൾ വിശേഷിപ്പിച്ചത്. 2021 ൽ രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻ ചാണ്ടിയുടെ ലീഡിന് തൊട്ടടുത്ത് യുവാവായ ജെയ്ക്ക് സി തോമസെത്തിയത് രാഷ്ട്രീയ കേരളം ഒന്നാകെ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ഇരുവരും തമ്മിലുള്ള അകലം വെറും 9,044 മാത്രമായിരുന്നു അപ്പോൾ. 53 വർഷങ്ങൾക്ക് ശേഷം ഇത്തവണ പുതുപ്പള്ളിയെ വീണ്ടും ചുവപ്പ് പുതപ്പിക്കാമെന്ന് അതുകൊണ്ട് തന്നെ ജെയ്ക്ക് കണക്കൂകൂട്ടി കാണണം. പക്ഷേ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു. പുതുപ്പള്ളിയിൽ നാൽപ്പതിനായിരത്തിലേറെ ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മൻ വെന്നിക്കൊടി പാറിച്ചു. ജെയ്ക്കിന് പുതുപ്പള്ളി പിടിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കഴിഞ്ഞ രണ്ട് തവണത്തേക്കാൾ ദയനീയ പരാജയമാണ് ജെയ്ക്ക് നേരിട്ടത്. 2021 ൽ 54,328 ഉം, 2016 ൽ 44,505 ഉം വോട്ടുകൾ നേടിയ ജെയ്ക്കിന് ഇത്തവണത്തെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 12-ാം റൗണ്ട് കഴിഞ്ഞപ്പോഴും കിട്ടിയത് 33959 വോട്ടുകൾ മാത്രം.
ഏറെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും ചാണ്ടി ഉമ്മനോടുള്ള മത്സരം ഏറെ കടുത്തതാകുമെന്ന് ജെയ്ക്കിന് അറിയാം. വികസനത്തിലൂന്നിയ പ്രചാരണവും ചർച്ചയും ജെയ്ക്കിന് ആളുകൾക്കിടയിൽ സ്വീകാര്യത നൽകിയിട്ടുണ്ട്.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിയുടെ എതിരാളിയായിരുന്നു. ഇത് മൂന്നാം തവണയാണ് ഒരേ മണ്ഡലത്തിൽ ജെയ്ക്കിന് കാലിടറുന്നത്. 53 വർഷത്തോളം പുതുപ്പള്ളി ഭരിച്ച ചരിത്രം ഉണ്ട് ഉമ്മൻ ചാണ്ടിയ്ക്ക്. അതിലുപരി പുതുപ്പള്ളിയ്ക്കാരുടെ ഹൃദയം ഉമ്മൻ ചാണ്ടിയ്ക്കൊപ്പമെന്ന ചൊല്ലും. ഇതെല്ലാം നിലനിൽക്കെയാണ് സധൈര്യം പുതുപ്പള്ളിയിൽ നിന്ന് മത്സരിക്കാൻ ജെയ്ക്ക് എത്തിയത്.
2016 ലാണ് ആദ്യമായി പുതുപ്പള്ളിക്കാരൻ ജെയ്ക്ക് സി തോമസ് ഉമ്മൻ ചാണ്ടിയുടെ എതിരാളിയായി എത്തുന്നത്. പക്ഷെ കന്നിയങ്കത്തിൽ 27092 വോട്ടിന്റെ പരാജയമായിരുന്നു ഇടത് തരംഗത്തിലും അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. 2012 ലെ തെരെഞ്ഞെടുപ്പിൽ വീണ്ടും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയ്ക്ക് എതിരാളായി എത്തിയത് ജെയ്ക്ക് തന്നെയായിരുന്നു. പക്ഷെ 2021 ലെ കാഴ്ച മറിച്ചായിരുന്നു. ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച് ജെയ്ക്ക് എന്ന മാധ്യമ തലക്കെട്ടിലൂടെയാണ് അദ്ദേഹം പിന്നീട് പ്രത്യക്ഷപ്പെട്ടത്. 9,044 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മാത്രമായിരുന്നു പുതുപ്പള്ളിയിലെ അവസാന അങ്കത്തിൽ ഉമ്മൻ ചാണ്ടിക്ക് വിജയിക്കാൻ സാധിച്ചത്.
കേരള രാഷ്ട്രീയത്തിലെ അതികായനും പുതുപ്പള്ളിയുടെ പര്യായവുമായ ഉമ്മൻചാണ്ടിയ്ക്ക് മുന്നിൽ രണ്ട് തവണ പതറിയ ജെയ്ക്ക് ഇത്തവണ മകൻ ചാണ്ടി ഉമ്മനോടും തോറ്റു. പക്ഷെ തന്റെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മികച്ച എതിരാളി എന്നാണ് ജെയ്ക്കിന്റെ വിവാഹവേദിയിലെത്തിയ ഉമ്മൻ ചാണ്ടി ആ ചെറുപ്പക്കാരനെ വിശേഷിപ്പിച്ചത്.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മണർകാട് ചിറയിൽ പരേതനായ എം ടി തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ജെയ്ക്ക്. എസ് എഫ് ഐ ജില്ലാ പ്രസിഡന്റായിരുന്ന ഇദ്ദേഹം 2016ൽ നിയമസഭാ സ്ഥാനാർത്ഥിയാവുന്നതിനും പിന്നീട് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം സി എം എസ് കോളേജിൽ ബി എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദധാരിയാണ് ജെയ്ക്ക്. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ അണ്ണാമലൈ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. യുവജനക്ഷേമ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.