Tuesday, January 7, 2025
Kerala

‘ഉമ്മന്‍ ചാണ്ടിയെ പൈശാചികമായി വേട്ടയാടിയവര്‍ക്ക് പുതുപ്പള്ളിക്കാരുടെ മറുപടി’; വിതുമ്പി എ കെ ആന്റണി

ഉമ്മന്‍ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിക്കാര്‍ കൊടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ജയമെന്ന് എ കെ ആന്റണി. കോണ്‍ഗ്രസുകാര്‍ക്ക് മാത്രമല്ല, മാര്‍ക്‌സിസ്റ്റുകാര്‍ പോലും ഈ സര്‍ക്കാരിന്റെ ഭരണത്തെ വെറുക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുവെന്ന് എ കെ ആന്റണി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന് ജനകീയ അടിത്തറ നഷ്ടപ്പെട്ടെന്നും പുതുപ്പള്ളിയില്‍ കണ്ടത് ഉമ്മന്‍ചാണ്ടിയെ വേദനിപ്പിച്ചവരോടുള്ള ജനങ്ങളുടെ പ്രതികാരമാണെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

എന്‍ഡിഎയുടെ പ്രധാനപ്രചാരകരില്‍ ഒരാളായി എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി പുതുപ്പള്ളി മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ പശ്ചാത്തലത്തിലാണ് എ കെ ആന്റണിയുടെ പ്രതികരണം പുറത്തെത്തുന്നത്. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ളത് വൈകാരിക ബന്ധമാണെന്ന് എ കെ ആന്റണി പറയുന്നു. ഉമ്മന്‍ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിക്കാര്‍ കൊടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ജയം. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെ നടന്ന സൈബര്‍ ആക്രമണത്തോട് ഏറെ വൈകാരികമായാണ് എ കെ ആന്റണി പ്രതികരിച്ചത്. നേരത്തെ ആരോപണങ്ങള്‍ വന്നപ്പോള്‍ എത്രനാള്‍ അവര്‍ കണ്ണീര് കുടിച്ചിട്ടുണ്ടാകുമെന്ന് ചോദിച്ച ആന്റണി എല്ലാ ആരോപണങ്ങളിലും അഗ്‌നിശുദ്ധി വരുത്താന്‍ മരിക്കുംമുന്‍പ് ഉമ്മന്‍ചാണ്ടിക്കായെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിയെ പൈശാചികമായി വേട്ടയാടിയവര്‍ക്കുള്ള മറുപടി പുതുപ്പള്ളിയിലെ ജനങ്ങള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ജനപിന്തുണ നഷ്ടപ്പെട്ട ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ ഭരണം നടത്തുന്നത് സാങ്കേതിത്വത്തില്‍ മാത്രമാണെന്ന് എ കെ ആന്റണി കുറ്റപ്പെടുത്തി. ഇപ്പോഴുള്ളത് ജനങ്ങളെ കണ്ണീര് കുടിപ്പിക്കുന്ന സര്‍ക്കാരാണ്. കോണ്‍ഗ്രസുകാര്‍ക്ക് മാത്രമല്ല, മാര്‍ക്‌സിസ്റ്റുകാര്‍ പോലും ഭരണത്തെ വെറുക്കുന്നു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണങ്ങളില്‍ മാപ്പ് എന്നൊരു വാക്ക് വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.അതിശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 37719 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *