Wednesday, January 8, 2025
Kerala

നിപ വൈറസ്; വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കും: ആരോഗ്യ മന്ത്രി

കോഴിക്കോട്: നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വവ്വാലുകളുടെ ആവാസ വ്യവസ്ഥയ്ക്കുനേരെയുള്ള ആക്രമണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു.

രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനു വവ്വാലുകളെ പരിശോധിക്കാന്‍ പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാവിലെ ജില്ലയിലെത്തും. ജില്ലയില്‍ രണ്ടാമത്തെ തവണ രോഗബാധ വന്ന സ്ഥിതിക്ക് കൂടുതല്‍ പരിശോധന നടത്തും. ജില്ലയില്‍ പൊതു ജാഗ്രത അനിവാര്യമാണ്. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രതയും ആവശ്യമാണ്.

ഫീല്‍ഡ് സര്‍വയലന്‍സും ഫീവര്‍ സര്‍വയലന്‍സും തുടങ്ങിക്കഴിഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും 25 വീടുകളില്‍ രണ്ട് വോളന്റിയർമാർ എന്ന നിലയില്‍ ഹൗസ് സര്‍വയലന്‍സ് ആരംഭിച്ചു.

നിപ ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്കായി പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

നിപ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ ജില്ലയിലെ എംപിമാരുടെയും എംഎല്‍എമാരുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *