Tuesday, January 7, 2025
Kerala

ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ, എസ്എഫ്ഐയെ ‘നേരെയാക്കാൻ’ സിപിഎം; സംസ്ഥാന നേതൃത്വത്തിന് സിപിഎമ്മിന്റെ പഠനക്ലാസ്

തിരുവനന്തപുരം : ഒന്നിന് പുറകെ ഒന്നായി വിവാദങ്ങളിൽ അകപ്പെട്ട സാഹചര്യത്തിൽ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെിന് സിപിഎമ്മിന്റെ പഠനക്ലാസ്. മൂന്ന് ദിവസത്തെ പഠന ക്യാമ്പ് തിരുവനന്തപുരം വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിൽ ഇന്ന് ആരംഭിക്കും. സംഘടന അവബോധം വളർത്തുന്നതിനും തെറ്റും നയവ്യതിയാനങ്ങളും തിരുത്തി സംഘടനയെ നേർവഴിക്ക് നയിക്കുന്നതും ലക്ഷ്യമിട്ടുമാണ് പഠന ക്ലാസ് സംഘടിപ്പിച്ചത്. എസ് എഫ് ഐയുമായി ബന്ധപ്പെട്ട് തുടരെ തുടരെ ഉണ്ടായ വിവാദങ്ങളിൽ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് നയവ്യതിയാനമില്ലാതെ തിരുത്തി മുന്നോട്ട് പോകാൻ എസ് എഫ് ഐക്കായി സിപിഎം പഠനക്ലാസ് സംഘടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം മുതിർന്ന നേതാക്കൾ പഠന ക്ലാസിൽ പങ്കെടുക്കും. നേരത്തെ സിപിഎം സംസ്ഥാന സമിതിയിലും എസ് എഫ് ഐ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. എസ്എഫ്ഐയിൽ തിരുത്ത് അനിവാര്യമാണെന്നും സംഘടനാ തലത്തിൽ ശക്തമായ ഇടപെടൽ ആവശ്യമാണെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നീക്കമെന്നാണ് വിവരം.

എസ് എഫ് ഐ നേതാക്കളുടെ സർട്ടിഫിക്കറ്റ് തിരുത്തലും വ്യാജ രേഖ ചമക്കലുമടക്കം നിരവധി കേസുകൾ കഴിഞ്ഞ കുറേ കാലങ്ങളായി മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. വിഷയങ്ങൾ വലിയ വിവാദങ്ങളിലേക്ക് എത്തിയതോടെ പൊലീസിന് കേസെടുക്കേണ്ടി വരികയും പല കേസും അന്വേഷണ ഘട്ടത്തിലുമാണ്. ഏറ്റവും ഒടുവിൽ കെ വിദ്യ ഉൾപ്പെട്ട മഹാരാജാസ് കോളേജ് വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കേസ്, നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി, വിശാഖ് ഉൾപ്പെട്ട കാട്ടാക്കട കോളേജിലെ ആൾമാറാട്ട കേസ് അടക്കം സിപിഎമ്മിന് വലിയ നാണക്കേടുണ്ടാക്കി. പ്രതികളായവരെയെല്ലാം സിപിഎം തള്ളിപ്പറയുകയും എസ് എഫ് ഐ പുറത്താക്കുകയും ചെയ്തെങ്കിലും വിദ്യാർത്ഥി പ്രസ്ഥാനം വലിയ ആരോപണങ്ങൾ നേരിടേണ്ടി വന്നു. സമൂഹമാധ്യമങ്ങളിലടക്കം വലിയ തിരിച്ചടികൾ നേരിട്ട സാഹചര്യത്തിലാണ് തിരുത്തലിനായി സിപിഎം ഇടപെടൽ.

Leave a Reply

Your email address will not be published. Required fields are marked *