Tuesday, January 7, 2025
Kerala

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക്‌ ഇന്ന്‌ തുടക്കം

തിരുവനന്തപുരം ;എസ്എസ്എൽസി, ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷകൾ വ്യാഴാഴ്‌ച ആരംഭിക്കും. കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാണ് പരീക്ഷ. എസ്എസ്എൽസി പരീക്ഷയ്‌ക്ക്‌ 4,22,226 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2,15,660 ആൺകുട്ടികളും 2,06,566 പെൺകുട്ടികളും. ആകെ 2947 പരീക്ഷാകേന്ദ്രം. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വികെഎംഎംഎച്ച്എസ് ഇടരിക്കോട് പരീക്ഷാകേന്ദ്രത്തിലാണ് ഏറ്റവും കൂടുതൽ (2076) പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രൈവറ്റ്‌ വിഭാഗത്തിൽ 990 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ടിഎച്ച്എസ്എൽസിയിൽ 48 പരീക്ഷാകേന്ദ്രത്തിലായി 2889, എസ്എസ്എൽസി ഹിയറിങ്‌ ഇംപയേർഡ് വിഭാഗത്തിൽ 29 പരീക്ഷാകേന്ദ്രത്തിലായി 257, ടിഎച്ച്എസ്എൽസി ഹിയറിങ്‌

ഇംപയേർഡ് വിഭാഗത്തിൽ രണ്ട് പരീക്ഷാകേന്ദ്രത്തിലായി 17 വിദ്യാർഥികളും എഎച്ച്എസ്എൽസിയിൽ ഒരു പരീക്ഷാകേന്ദ്രത്തിൽ 68 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൾഫിലും ലക്ഷദ്വീപിലും ഒമ്പത്‌ വീതം കേന്ദ്രമുണ്ട്‌. ഗൾഫിൽ 573, ലക്ഷദ്വീപിൽ 627 വിദ്യാർഥികളാണ് പരീക്ഷക്കിരിക്കുക. എസ്എസ്എൽസി പരീക്ഷ 29ന്‌ അവസാനിക്കും.

രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയ്‌ക്ക്‌ 2004 കേന്ദ്രമുണ്ട്‌. 2,20,146 പെൺകുട്ടികളും 2,26,325 ആൺകുട്ടികളും ഉൾപ്പെടെ 4,46,471 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്‌.

സ്കൂൾ ഗോയിങ്‌ വിഭാഗത്തിൽ- 19,5,609 പെൺകുട്ടികളും 1,82,330 ആൺകുട്ടികളും ഉൾപ്പെടെ 3,77,939 പേർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 19,762 പെൺകുട്ടികളും 29,592 ആൺകുട്ടികളും ഉൾപ്പെടെ 49,354 വിദ്യാർഥികളും പ്രൈവറ്റ് കംപാർട്ട്മെന്റൽ വിഭാഗത്തിൽ 4,775 പെൺകുട്ടികളും 14,403 ആൺകുട്ടികളും ഉൾപ്പെടെ 19,178 പേരും പരീക്ഷ എഴുതും. പരീക്ഷ 26ന്‌ അവസാനിക്കും.

വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ

നാളെമുതൽ
വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം രണ്ടാം വർഷ പരീക്ഷ വെള്ളിയാഴ്‌ച ആരംഭിക്കും. 389 പരീക്ഷാകേന്ദ്രത്തിലായി 28565 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 17104 ആൺകുട്ടികളും 11461 പെൺകുട്ടികളും. പ്രൈവറ്റ് വിഭാഗത്തിൽ 59 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 26ന്‌ അവസാനിക്കും.

പരീക്ഷ കർശന സുരക്ഷയോടെ

തിരുവനന്തപുരം
എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ കർശന കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങളോടെ. പരീക്ഷാ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു.
മാസ്‌ക്‌ മസ്റ്റ്‌
ശീതീകരിച്ച ക്ലാസ്‌ മുറികൾ പരീക്ഷയ്‌ക്ക്‌ തെരഞ്ഞെടുക്കരുത്‌. ട്രിപ്പിൾ ലെയർ മാസ്‌ക്‌, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നതായി ഉറപ്പാക്കണം. കുട്ടികളെ തെർമൽ സ്‌ക്രീനിങ്ങിന്‌ വിധേയമാക്കണം. കവാടത്തിലും ക്ലാസ്‌ മുറികൾക്ക്‌ മുന്നിലും വെള്ളവും സോപ്പും കരുതണം. സാമൂഹ്യ അകലം പാലിക്കണം. രാവിലെയും ഉച്ചയ്‌ക്കും പരീക്ഷാ ഹാളിലെ ഫർണിച്ചറുകൾ അണുവിമുക്തമാക്കണം
ഒരു മുറിയിൽ 20
ഒരു മുറിയിൽ ഇരുന്ന്‌ പരീക്ഷ എഴുതാവുന്നവരുടെ എണ്ണം പരമാവധി 20. പേന, ഇൻസ്‌ട്രമെന്റ്‌ ബോക്‌സ്‌ മുതലായവ പരസ്‌പരം കൈമാറാൻ അനുവദിക്കില്ല.
ഉത്തരക്കടലാസിന്റെ അഡീഷണൽ ഷീറ്റ്‌, ഹാൾടിക്കറ്റ്‌ എന്നിവയിൽ ഇൻവിജിലേറ്റേഴ്‌സ്‌ ഒപ്പുവയ്‌ക്കേണ്ട. മോണോഗ്രാം പതിച്ച ഉത്തരക്കടലാസുകൾ ഇൻവിജിലേറ്റർമാർ ഫെയ്‌സിങ്‌ ഷീറ്റിൽ ഒപ്പിട്ട്‌‌ പരീക്ഷയ്‌ക്ക്‌ നൽകണം. പരീക്ഷ കഴിഞ്ഞശേഷം മോണോഗ്രാം പതിക്കണ്ട. ഉത്തരക്കടലാസിൽ ഉത്തരം എഴുതി അവസാനിപ്പിക്കുന്നതിന്‌ താഴെ ഡബിൾ ലൈൻ മാർക്ക്‌ ചെയ്‌‌ത്‌ ക്യാൻസൽഡ്‌ എന്നെഴുതണം.
രോഗികൾ പ്രത്യേകം
സാധാരണയിൽ കവിഞ്ഞ ശരീരോഷ്‌മാവുള്ളവരെയും മറ്റ്‌ രോഗലക്ഷണങ്ങൾ ഉള്ളവരെയും പ്രത്യേക ക്ലാസ്‌ മുറികളിൽ പരീക്ഷയ്‌ക്കിരുത്തും. കോവിഡ്‌ പോസി‌റ്റീവായവർ പരീക്ഷയ്‌ക്ക്‌ ഹാജരാകുകയാണെങ്കിൽ മുൻകൂട്ടി ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. കോവിഡ്‌ പോസി‌റ്റീവ്‌ ക്വാറന്റൈൻ കേസുകൾക്ക്‌ സാനിറ്റൈസ്‌ഡ്‌ കോറിഡോർ സംവിധാനം തയ്യാറാക്കും

 

Leave a Reply

Your email address will not be published. Required fields are marked *